ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 2-1 പരമ്പര വിജയത്തിനുശേഷം ടെസ്റ്റ് പരമ്പരയുടെ പേരിൽ തന്നെ വിമർശിച്ചവർക്കും ടീമിനെ ട്രോളിയവർക്കും എതിരെ ഗൗതം ഗംഭീർ. സൗത്താഫ്രിക്കക്ക് എതിരെ കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ 30 റൺസിന് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിൽ തിരിച്ചുവരും എന്നാണ് കരുതിയത്. എന്നാൽ ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ 408 റൺസിന്റെ തോൽവിയാണ് ടീം ഏറ്റുവാങ്ങിയത്. ടെസ്റ്റ് ഫോർമാറ്റിലെ അവരുടെ ഏറ്റവും വലിയ തോൽവിയും അതോടെ പിറന്നു.
ഗംഭീർ പരിശീലകനായ ശേഷം സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റിലെ ഇന്ത്യയുടെ രണ്ടാമത്തെ വൈറ്റ്‌വാഷ് ആയിരുന്നു ഇത്. എന്തായാലും ഈ ഫലത്തിന് പിന്നാലെ, ഗംഭീർ എല്ലാ ഭാഗത്തുനിന്നും വിമർശനങ്ങൾ നേരിട്ടു. റെഡ്-ബോൾ പരിശീലകനെന്ന നിലയിൽ ഗംഭീറിന്റെ കഴിവിനെ ചിലർ ചോദ്യം ചെയ്തു. ഇയാളെ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കണം എന്ന് പലരും പറഞ്ഞു. എന്തായാലും ഇന്നലെ സമാപിച്ച പരമ്പരയ്ക്ക് ശേഷമുള്ള പത്രസമ്മേളനത്തിൽ ഗംഭീർ രോഷാകുലനായിരുന്നു, ആദ്യ ടെസ്റ്റിൽ നായകൻ ശുഭ്മാൻ ഗില്ലില്ലാതെയാണ് ഇന്ത്യ കളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
“നോക്കൂ, ധാരാളം ചർച്ചകൾ ഉണ്ടായിരുന്നു, സംശയമില്ല, കാരണം ഫലങ്ങൾ ഞങ്ങൾക്ക് അനുകൂലമായില്ല. എന്നാൽ ഏറ്റവും അത്ഭുതകരമായ കാര്യം, ആദ്യ ടെസ്റ്റ് മത്സരം കളിച്ചത് ഒരു ക്യാപ്റ്റനില്ലാതെയാണെന്ന് ആരും, ഒരു മാധ്യമമോ, ഒരു ജേണലോ എഴുതിയില്ല എന്നതാണ്. ഗിൽ ഇല്ലാത്തത് പണിയായി പോയി. പത്രസമ്മേളനത്തിൽ ഞാൻ ഒഴികഴിവ് പറയാത്തതിനാൽ, നിങ്ങൾ ലോകത്തിനോ രാജ്യത്തിനോ വസ്തുതകൾ കാണിക്കരുത് എന്നല്ല അർത്ഥമാക്കുന്നത്,” ഗംഭീർ പറഞ്ഞു.
“ടീം പരിവർത്തനത്തിലൂടെ കടന്നുപോകുമ്പോൾ, ആ പരമ്പരയിൽ നിങ്ങളുടെ ക്യാപ്റ്റനെ നഷ്ടപ്പെടുമ്പോൾ, റെഡ്-ബോൾ ക്രിക്കറ്റിലെ ഒരു മികച്ച ബാറ്റ്സ്മാൻ കൂടിയാണ് അദ്ദേഹം എന്ന് മറക്കരുത്. കഴിഞ്ഞ ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ ഏകദേശം 1000 റൺസ് അവൻ നേടിയിട്ടുണ്ട്. സൗത്താഫ്രിക്ക പോലെ ഒരു ടീമിനെതിരെ നിങ്ങളുടെ ക്യാപ്റ്റനെ നഷ്ടപ്പെടുകയാണെങ്കിൽ, ഫലങ്ങൾ ഉണ്ടാകുക ബുദ്ധിമുട്ടാണ്. കാരണം റെഡ്-ബോൾ ക്രിക്കറ്റിൽ വലിയ പരിചയമുള്ള താരങ്ങൾ അപ്പോൾ ഞങ്ങളുടെ ടീമിൽ ഉണ്ടായിരുന്നില്ല.”
“വിക്കറ്റുകളെക്കുറിച്ചുള്ള ധാരാളം ചർച്ചകൾ നടന്നു. ക്രിക്കറ്റുമായി ഒരു ബന്ധവുമില്ലാത്ത ആളുകൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞു. ഒരു ഐപിഎൽ ടീം ഉടമ (പാർത്ഥ് ജിൻഡാൽ) സ്പ്ലിറ്റ് കോച്ചിംഗിനെക്കുറിച്ച് എഴുതി. അതിനാൽ ഇത് ഒരു അത്ഭുതകരമായ കാര്യമാണ്. ആളുകൾ അവരുടെ മേഖലയിൽ തുടരേണ്ടത് വളരെ പ്രധാനമാണ്. കാരണം നമ്മൾ മറ്റാരുടെ എങ്കിലും മേഖലകളിൽ അനാവശ്യമായി ഇടപെടുന്നില്ല എങ്കിൽ തിരിച്ചും അത് പാടില്ല എന്നുണ്ട്.” ഗംഭീർ പറഞ്ഞു നിർത്തി.













Discussion about this post