ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം. കട്ടക്കിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് അടിച്ചെടുത്തപ്പോൾ ദക്ഷിണാഫ്രിക്കൻ മറുപടി 74 റൺസിൽ ഒതുങ്ങുക ആയിരുന്നു. ഇന്ത്യക്ക് 101 റൺസിന്റെ കൂറ്റൻ ജയം. ഇതോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ സൂര്യകുമാറും കൂട്ടരും മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ കൂട്ടത്തകർച്ച നേരിട്ടതാണ്. അവിടെ പരിക്കിന്റെ പിടിയിൽ നിന്ന് നീണ്ട ഇടവേളക്ക് ശേഷം ടീമിലെത്തിയ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്ത്യയെ മികച്ച സ്കോറിലെത്താൻ സഹായിച്ചു . 28 പന്തിൽ നാല് സിക്‌സറും ആറ് ബൗണ്ടറിയുമായി 59 റൺസെടുത്ത് പുറത്താകാതെ നിന്ന താരം തന്നെയായിരുന്നു ഇന്ത്യൻ ടോപ് സ്‌കോറർ.
ബൗണ്ടറിയൊക്കെ അടിച്ചുതുടങ്ങി ഉപനായകൻ ശുഭ്മൻ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായി. നാല് റൺസുമായി താരം മടങ്ങുക ആയിരുന്നു. പിന്നാലെ പ്രതീക്ഷ കാണിച്ചെങ്കിലും വലിയ സ്കോർ നേടാനാകാതെ നായകൻ സൂര്യകുമാർ യാദവും (12) പിന്നാലെ അഭിഷേകും (17) പുറത്തായതോടെ മൂന്നിന് 48 എന്ന നിലയിലായി ഇന്ത്യ. മധ്യനിരയിൽ തിലക് വർമയും (26) അക്‌സർ പട്ടേലുമാണ് സ്‌കോർ ഉയർത്തിയത്. എന്നാൽ തിലക് മടങ്ങിയ ശേഷമെത്തിയ ഹാർദിക് പാണ്ഡ്യ താൻ മാത്രം കളിക്കുന്നത് വ്യത്യസ്ത പിച്ചിൽ ആണെന്ന് പറഞ്ഞുകൊണ്ടുള്ള ബാറ്റിംഗാണ് നടത്തിയത്. താരത്തോടൊപ്പം ജിതേഷ് ശർമ്മ കൂടി ചേർന്നതോടെ ഇന്ത്യൻ സ്കോർ 170 കടന്നു. ദക്ഷിണാഫ്രിക്കൻ ടീമിനായി എങ്കിടി മൂന്ന് വിക്കറ്റ് നേടി തിളങ്ങി.
മറുപടി ബാറ്റിംഗിൽ ഒരു ഘട്ടത്തിൽ പോലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ ആഫ്രിക്കൻ ടീമിനായില്ല. 22 റൺസെടുത്ത ബ്രെവിസ് ആണ് അവയുടെ ടോപ് സ്‌കോറർ എണ്ണത്തിലുണ്ട് ബാക്കിയുള്ളവരുടെ ദയനീയ പ്രകടനം. ബ്രെവിസിനെ കൂടാതെ 14 റൺസ് വീതമെടുത്ത മാർക്രം, സ്റ്റബ്സ് എന്നിവരും 12 റൺസ് എടുത്ത ജാൻസണും മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കായി അർശ്ദീപ്, ബുംറ, വരുൺ, അക്‌സർ എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ ഹാർദിക് ദുബൈ എന്നിവർ ഓരോ വിക്കറ്റ് നേടി.













Discussion about this post