അമരാവതി : വ്യാജ നെയ്യിന് പിന്നാലെ തിരുപ്പതി ക്ഷേത്ര ട്രസ്റ്റിനെ പിടിച്ചുലച്ച് 55 കോടി രൂപയുടെ മറ്റൊരു അഴിമതി കൂടി പുറത്തുവന്നിരിക്കുന്നു. ക്ഷേത്രത്തിലേക്കുള്ള പട്ട് വാങ്ങിയതിലാണ് അഴിമതി നടത്തിയിട്ടുള്ളത്. ശുദ്ധമായ പട്ടിന് പകരം പോളിസ്റ്റർ ഉപയോഗിച്ചുള്ള വ്യാജ പട്ട് വാങ്ങി 55 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
തിരുമല ക്ഷേത്രം കൈകാര്യം ചെയ്യുന്ന ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) 2015 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ വാങ്ങിയ പട്ടിലാണ് അഴിമതി കണ്ടെത്തിയിട്ടുള്ളത്. ടെൻഡർ രേഖകളിൽ ശുദ്ധമായ മൾബറി സിൽക്ക് ഉൽപ്പന്നങ്ങളായായി രേഖപ്പെടുത്തിയിട്ടുള്ളത് വ്യാജ പട്ട് ആണെന്ന് തിരിച്ചറിഞ്ഞു. നിലവിലെ ടിടിഡി ചെയർമാൻ ബി ആർ നായിഡുവിന്റെ നേതൃത്വത്തിലുള്ള ബോർഡ് ആശങ്കകൾ ഉന്നയിച്ചതിനെത്തുടർന്ന് ആഭ്യന്തര വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നത്.
നിരവധി സുപ്രധാനമായ ആചാരങ്ങളുടെ ഭാഗമായതിനാൽ ഏറ്റവും ശുദ്ധമായ പട്ട് ആയിരുന്നു ക്ഷേത്രത്തിലേക്ക് ആവശ്യമുണ്ടായിരുന്നത്. എന്നാൽ ശുദ്ധ പട്ടാണെന്ന അവകാശവാദവുമായി കരാറുകാരൻ ഏകദേശം 350 രൂപ വിലയുള്ള ഒരു പട്ടുതുണിക്ക് 1,300 രൂപ ബില്ല് വച്ച് ഈടാക്കുകയായിരുന്നു. ടെൻഡർ സ്പെസിഫിക്കേഷനുകളുടെ വ്യക്തമായ ലംഘനമാണ് നടന്നിട്ടുള്ളതെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടുതൽ നടപടികളിലേക്ക് കടക്കുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു.












Discussion about this post