നടിയെ ആക്രമിച്ച കേസില്‍ കേരളം കാത്തിരുന്ന ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിക്കുന്നത്. കേസിലെ ആദ്യ ആറ് പ്രതികളെ കഴിഞ്ഞ ദിവസം കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിക്കുന്നത്.
നടൻ ദിലീപ് ഉൾപ്പടെ ഉള്ളവർ പ്രതികളായിരുന്ന കേസിൽ അദ്ദേഹം അടക്കമുള്ള മൂന്ന് പ്രതികൾ കുറ്റക്കാരല്ല എന്ന് കണ്ടെത്തിയ കോടതി അവരെ വിട്ടയച്ചു. എന്തുകൊണ്ടാണ് ദിലീപ് കുറ്റവിമുക്തനായത് എന്ന കാരണങ്ങൾ ഉൾപ്പടെ ഇന്ന് വിധിന്യായത്തിൽ ഉണ്ടാകും. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 20 വര്‍ഷം വരെ കഠിന തടവോ, ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം പത്ത് കുറ്റങ്ങളാണ് മറ്റുള്ള പ്രതികള്‍ക്കെതിരെ കണ്ടെത്തിയത്.
സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതി ദിലീപിനെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. 261 സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന 1700 ലധികം രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.
2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 23-ന് കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിലായി. തുടർന്ന് മുഖ്യപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും ജൂലൈ 10-ന് നടൻ ദീലീപിനെ അറസ്റ്റ് ചെയ്തു. വിചാരണ കാലയളവിൽ 85 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കേസിൽ ദിലീപിന് ജാമ്യം ലഭിച്ചിരുന്നത്.











Discussion about this post