സംസ്‌കൃത കോഴ്‌സ് പഠിപ്പിക്കാനുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ട് പാകിസ്താനിലെ ലാഹോർ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്റ് സയൻസ്. ഈ മാസം മുതൽ സംസ്‌കൃത ആമുഖ കോഴ്‌സ് അവതരിപ്പിച്ച് സർവകലാശാല ശ്രദ്ധനേടുകയാണ്. ഇന്ത്യ-പാക് വിഭജനത്തിന് ശേഷം ആദ്യമായാണ് ഒരു പാകിസ്താൻ സർവകലാശാല ഔപചാരികമായി ക്ലാസ്മുറികളിൽ സംസ്‌കൃതം പഠിപ്പിക്കാൻ ആരംഭിച്ചിരിക്കുന്നത്.
വിദ്യാർത്ഥികൾ, ഗവേഷകർ, അഭിഭാഷകർ, അക്കാഡമിക് വിദഗ്ധർ തുടങ്ങിയവർക്കായുള്ള വാരാന്ത്യ പരിപാടിയാണ് ആദ്യഘട്ടത്തിൽ നടത്തിയിരുന്നത്. ഇതിനു ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്ത് സർവകലാശാല ദീർഘകാല കോഴ്സ് ആരംഭിക്കുകയായിരുന്നു. ചരിത്രപരമായ നീക്കത്തിലൂടെ സംസ്‌കൃതം പഠിപ്പിക്കൽ ഔപചാരികമായി ആരംഭിച്ചപ്പോൾ, മഹാഭാരതത്തിൽ നിന്നും ഭഗവദ്ഗീതയിൽ നിന്നുമുള്ള ഭാഗങ്ങൾ ഉൾപ്പെടെയുള്ള സംസ്‌കൃത ശ്ലോകങ്ങൾ ഒരു ക്ലാസ് മുറിയിൽ കേട്ടു. മഹാഭാരത ടിവി പരമ്പരയിലെ ഐക്കണിക് തീം ഗാനമായ ‘ ഹായ് കഥ സംഗ്രം കി’ യുടെ ഉറുദു വിവർത്തനവും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നു.
ഫോർമാൻ ക്രിസ്ത്യൻ കോളേജിൽ സോഷ്യോളജി പഠിപ്പിക്കുന്ന പ്രൊഫസർ ഷാഹിദ് റഷീദാണ് സംസ്‌കൃത പുനരുജ്ജീവന ശ്രമങ്ങളുടെ കാതൽ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദക്ഷിണേഷ്യൻ മേഖലയുടെ തത്ത്വചിന്ത, സാഹിത്യം, ആത്മീയ പാരമ്പര്യങ്ങൾ എന്നിവയെ രൂപപ്പെടുത്തിയ ഒരു ഭാഷയെക്കുറിച്ചുള്ള ഗൗരവമായ പഠനം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ‘ചെറുതെങ്കിലും പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പ്’ എന്നാണ് റഷീദ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ‘നമ്മൾ എന്തുകൊണ്ട് അത് പഠിച്ചുകൂടാ? ഈ പ്രദേശത്തെ മുഴുവൻ ബന്ധിപ്പിക്കുന്ന ഒരു ഭാഷയാണിത്. പാണിനിയുടെ ഗ്രാമം ഇവിടെയായിരുന്നു. സിന്ധുനദീതട കാലഘട്ടത്തിൽ ഇവിടെ ധാരാളം എഴുതിയിട്ടുണ്ട്. നമ്മൾ അത് സ്വീകരിക്കണം. അത് നമ്മുടേതുമാണ്; അത് ഒരു മതവുമായി ബന്ധപ്പെട്ടതല്ല,’ റഷീദ് പറഞ്ഞു.













Discussion about this post