ന്യൂഡൽഹി : ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന ‘വോട്ട് ചോർ ഗഡ്ഡി ഛോഡ്’ പ്രതിഷേധ റാലിയിൽ മോദി സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും എതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയെയും ആർഎസ്‌എസിനെയും അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. കോൺഗ്രസ് അധികാരത്തിൽ വന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരെ നടപടിയെടുക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരുടെ പേരുകൾ എടുത്തു പരാമർശിച്ചു കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. അവർ ഭാരതീയ ജനതാ പാർട്ടിക്ക് അനുകൂലമായി പ്രവർത്തിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് എൻഡിഎ സർക്കാർ ജനങ്ങൾക്ക് 10000 രൂപ വീതം കൈമാറിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അതിൽ യാതൊരു നടപടിയും എടുത്തില്ല എന്നും രാഹുൽ കുറ്റപ്പെടുത്തി.
“മോദി തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിരോധശേഷി നൽകാൻ ഒരു പുതിയ നിയമം കൊണ്ടുവന്നു. ഞങ്ങൾ ഈ നിയമം മുൻകാല പ്രാബല്യത്തോടെ മാറ്റുകയും തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. മോദിയെയും ഷായെയും പരാജയപ്പെടുത്താൻ ഞങ്ങൾ സത്യവും അഹിംസയും ഉപയോഗിച്ച് പ്രവർത്തിക്കും,” എന്നും രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.









Discussion about this post