സിഡ്നി : സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ജൂത പരിപാടിക്ക് നേരെയുണ്ടായ ആക്രമണം ഭീകരാക്രമണമായി പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ. ഞായറാഴ്ച ജൂത സമൂഹം സംഘടിപ്പിച്ച ഒരു പരിപാടിക്ക് നേരെയാണ് വെടിവെപ്പ് നടന്നത്. ആക്രമണത്തിൽ കുട്ടികൾ അടക്കം 12 പേർ കൊല്ലപ്പെട്ടു. അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടതായും ഒരാളെ ജീവനോടെ പിടികൂടിയതായും ഓസ്ട്രേലിയ അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ഹനുക്ക ആഘോഷത്തിന് നേരെ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജൂത ഉത്സവമായ ഹനുക്കയുടെ തുടക്കം കുറിക്കുന്ന ‘ഹനുക്ക ബൈ ദി സീ’ എന്ന പരിപാടിക്കിടെയാണ് ആക്രമണം നടന്നതെന്ന് അധികൃതർ പറഞ്ഞു.
ഒരു തോക്കുധാരിയെ പോലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിവച്ചുകൊന്നതായി പോലീസ് വ്യക്തമാക്കി. ജീവനോടെ പിടികൂടിയ അക്രമി നവീദ് അക്രം (24) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സിഡ്‌നിയിലെ ബോണിറിഗിലുള്ള ഇയാളുടെ വീട് പോലീസ് റെയ്ഡ് ചെയ്തു. ഗുരുതരമായി പരിക്കേറ്റിട്ടുള്ള പ്രതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.









Discussion about this post