ന്യൂഡൽഹി : ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിൽ പാകിസ്താനെതിരെ ശക്തമായ വിമർശനവുമായി ഇന്ത്യ. പാകിസ്താൻ ഭീകരതയുടെ ആഗോള കേന്ദ്രം ആണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവ്വതനേനി ഹരീഷ് വിശേഷിപ്പിച്ചു. ഇന്ത്യയെയും അവിടുത്തെ ജനങ്ങളെയും ദ്രോഹിക്കാനും ഭിന്നിപ്പിക്കുന്ന അജണ്ട മുന്നോട്ട് കൊണ്ടുപോകാനും പാകിസ്താൻ യുഎൻ വേദി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം തീർത്തും ന്യായമാണെന്നും അതിൽ ഒരു മാറ്റവും ഉണ്ടാവുകയില്ല എന്നും അംബാസഡർ ഹരീഷ് ഐക്യരാഷ്ട്രസഭയിൽ വ്യക്തമാക്കി. 65 വർഷം മുമ്പ് ഇന്ത്യ നല്ല ഉദ്ദേശ്യത്തോടെയും സൗഹൃദ മനോഭാവത്തോടെയുമാണ് കരാറിൽ ഒപ്പുവെച്ചത്. എന്നാൽ പാകിസ്താൻ മൂന്ന് യുദ്ധങ്ങൾ നടത്തി, ആയിരക്കണക്കിന് ഭീകരാക്രമണങ്ങൾ നടത്തി, ആ കരാറിന്റെ ആത്മാവിനെ ആവർത്തിച്ച് ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് സ്വതന്ത്ര ജനാധിപത്യ ഇച്ഛാശക്തിയെ അടിച്ചമർത്തുന്നതിനുള്ള ഒരു മാർഗമാണെന്ന് പറഞ്ഞുകൊണ്ട് പാകിസ്താന്റെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യത്തെയും ഇന്ത്യ വിമർശിച്ചു. പാകിസ്താന് ജനങ്ങളുടെ ഇഷ്ടത്തെ മാനിക്കുന്നതിനുള്ള ഒരു സവിശേഷ മാർഗമുണ്ട് – ഒരു പ്രധാനമന്ത്രിയെ ജയിലിലടച്ചുകൊണ്ടും, ഭരണകക്ഷിയെ നിരോധിച്ചുകൊണ്ടും, 27-ാം ഭേദഗതിയിലൂടെ ഭരണഘടനാ അട്ടിമറിക്ക് സായുധ സേനയെ അനുവദിച്ചുകൊണ്ടും, പ്രതിരോധ സേനാ മേധാവിക്ക് ആജീവനാന്ത പരിരക്ഷ നൽകിക്കൊണ്ടും ആണ് പാകിസ്താൻ പൊതുജനങ്ങളുടെ ഇഷ്ടങ്ങളെ മാനിക്കുന്നത് എന്നും ഇന്ത്യ വിമർശിച്ചു.









Discussion about this post