ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി തവണ ഫൈനലിൽ എത്തിയവർ, നിരവധി പ്ലേ ഓഫ് പ്രവേശനം, അങ്ങനെ ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച ടീം ഈ കളത്തിൽ എല്ലാം ജയിച്ചുകയറാൻ കാരണം അവരുടെ ടീം മൊത്തത്തിൽ ഉള്ള കൂട്ടായ പ്രവർത്തനം ആയിരുന്നു. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കാതെ കൂട്ടായ ടീം ഗെയിം ആയിരുന്നു ചെന്നൈയുടെ ആയുധം. എന്നാൽ ലീഗ് അതിന്റെ 18 ആം സീസണിലേക്ക് വന്നപ്പോൾ ആ മികവ് ചെന്നൈക്ക് നഷ്ടമായിരുന്നു.
ഒരു ടീം എന്ന നിലയിൽ ഒന്നും ചെയ്യാനാകാതെ, ആർക്കും ജയിക്കണം എന്ന വാശി ഇല്ലാതെ, താരങ്ങൾ എല്ലാം മോശം ഫോമിൽ കളിക്കുന്ന ചെന്നൈയെ കഴിഞ്ഞ സീസണിൽ കണ്ടു. എവിടെയാണ് പിഴച്ചത് എന്ന് ചോദിച്ചാൽ സർവം ചെന്നൈ സൂപ്പർ കിങ്സിന് പിഴച്ചു എന്ന് തന്നെയാണ് ഉത്തരം. ഋതുരാജ് നായകനായി തുടങ്ങിയ സീസണിൽ താരത്തിന് ഇടക്ക് പരിക്ക് പറ്റിയപ്പോൾ ധോണി തന്നെ നായകസ്ഥാനം ഏറ്റെടുത്തു. ഓപ്പണർമാർ മോശം പ്രകടനം നടത്തിയതും, ബോളിങ്ങിലെ സ്ഥിരത കുറവും എല്ലാം കൂടിയായപ്പോൾ ചെന്നൈ അവസാന സ്ഥാനക്കാരായി പോരാട്ടം അവസാനിപ്പിച്ചു.
തങ്ങളുടെ ഏറ്റവും മോശം സീസണിന് ശേഷം ചെന്നൈ സൂപ്പർ കിങ്‌സ് ഒരു തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. ധോണിയെ ഇപ്പോഴും അമിതമായി കീപ്പിങ്ങിൽ ഉൾപ്പടെ ആശ്രയിക്കേണ്ട ഗതി ഒഴിവാക്കാനാണ് ചെന്നൈ സഞ്ജു സാംസണെ ടീമിലെത്തിച്ചത്. ആയുഷ് മാത്രെ, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ, ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ്. എങ്ങനെ നോക്കിയാലും മികച്ച ടോപ് 5 തന്നെയാണ് ഇതെന്ന് നമുക്ക് മനസിലാകും. ജഡേജ, പാതിരാണ തുടങ്ങിയ താരങ്ങളെ ഒഴിവാക്കിയ ചെന്നൈ അടുത്ത സീസണിന് മുമ്പ് ടീം സെറ്റ് ആക്കാനാണ് ഒരുങ്ങുന്നത്.
അതിന്റെ ബാക്കിയെന്നോണമാണ് മിനി ലേലത്തിൽ ഭാവിയിലേക്കുള്ള ഇൻവെസ്റ്റ്മെന്റ് എന്ന നിലയിൽ തന്നെ അവർ രണ്ട് മികച്ച ഇന്ത്യൻ അൺക്യാപ്പ്ഡ് താരങ്ങളെ ഒപ്പം കൂട്ടിയത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തങ്കലിപികളിൽ രേഖപ്പെടുത്തുന്ന കണക്കിലൂടെ ചെന്നൈ സൂപ്പർ കിംഗ്സ് ആദ്യം പ്രശാന്ത് വീറിനെ ₹14.20 കോടിക്ക് വാങ്ങി, തുടർന്ന് കാർത്തിക് ശർമ്മയെയും അതേ തുക നൽകി സ്വന്തമാക്കി. ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ അൺക്രാഫ്റ്റഡ് കളിക്കാരായി ഇവരെ മാറ്റി.ഇത് കൂടാതെ വെസ്റ്റ് ഇൻഡീസിൽ നിന്നുള്ള സ്പിന്നർ അകീൽ ഹോസിനും 2 കോടി രൂപക്ക് ചെന്നൈ ടീമിലെത്തി.
ബിഡ്ഡിംഗ് യുദ്ധങ്ങൾ
പ്രശാന്ത് വീർ: ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ്, എസ്ആർഎച്ച് എന്നിവർ തമ്മിൽ കടുത്ത ലേല പോരാട്ടം നടന്നു. വില ₹6 കോടി കടന്ന് ₹10 കോടിയിലെത്തി. തുടർന്ന് സിഎസ്‌കെ അദ്ദേഹത്തെ ₹14.20 കോടിക്ക് സ്വന്തമാക്കി.
കാർത്തിക് ശർമ്മ: കെകെആർ, എസ്ആർഎച്ച്, എൽഎസ്ജി, സിഎസ്‌കെ എന്നിവർ തമ്മിൽ ചതുർമുഖ പോരാട്ടം പൊട്ടിപ്പുറപ്പെട്ടു, ബിഡ് ₹10 കോടി കടന്നതോടെ സിഎസ്‌കെയും കെകെആറും അവശേഷിച്ചു. ഒടുവിൽ ചെന്നൈ തന്നെ പോരിൽ ജയിച്ചു.
ആരാണ് ഈ രണ്ട് താരങ്ങൾ?
പ്രശാന്ത് വീർ: ഉത്തർപ്രദേശിലെ അമേത്തിയിൽ നിന്നുള്ള 20 കാരനായ ഇടംകൈയ്യൻ സ്പിൻ ബൗളിംഗ് ഓൾറൗണ്ടറെ രവീന്ദ്ര ജഡേജയുമായി താരതമ്യം ചെയ്യുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ, വീർ 169.69 സ്ട്രൈക്ക് റേറ്റിൽ 112 റൺസ് നേടി, 6.76 എന്ന എക്കണോമിയിൽ ഒമ്പത് വിക്കറ്റുകൾക് സ്വന്തമാക്കി. യുപി ടി20 ലീഗിൽ നോയിഡ സൂപ്പർ കിംഗ്സിനു വേണ്ടി 10 മത്സരങ്ങളിൽ നിന്ന് 320 റൺസും എട്ട് വിക്കറ്റുകളും അദ്ദേഹം നേടി. രവീന്ദ്ര ജഡേജയുടെ വിടവ് നികത്താൻ ശ്രമിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ട്രയൽസിൽ പങ്കെടുത്തതിനാൽ, ഓൾറൗണ്ടർ ഒന്നിലധികം ടീമുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.
കാർത്തിക് ശർമ്മ:
രാജസ്ഥാനിൽ നിന്നുള്ള 19 കാരനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ 12 ടി20 മത്സരങ്ങളിൽ നിന്ന് 164 സ്ട്രൈക്ക് റേറ്റിൽ 334 റൺസ് 28 സിക്സിന്റെ അകമ്പടിയോടെയാണ് നേടിയത്. കെവിൻ പീറ്റേഴ്സൺ, ആർ അശ്വിൻ തുടങ്ങിയവരുടെ പ്രശംസ അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. നല്ല ഒരു വിക്കറ്റ് കീപ്പർ കൂടിയാണ് താരം
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ തുകക്ക് വിറ്റുപോയ അൺക്യാപ്പ്ഡ് താരങ്ങൾ
പ്രശാന്ത് വീർ (ഇന്ത്യൻ) – ₹14.20 കോടി (2026)
കാർത്തിക് ശർമ്മ (ഇന്ത്യൻ) – ₹14.20 കോടി (2026)
അവേഷ് ഖാൻ (ഇന്ത്യൻ) – ₹10 കോടി (2022)
കൃഷ്ണപ്പ ഗൗതം (ഇന്ത്യൻ) – ₹9.25 കോടി (2021)
ഔഖിബ് നബി (ഇന്ത്യൻ) – ₹8.40 കോടി (2026) – ഡൽഹി ക്യാപിറ്റൽസിന് വിറ്റു
റിലേ മെറെഡിത്ത് (ഓവർസീസ് – ഓസ്‌ട്രേലിയ) – ₹8 കോടി (2021)













Discussion about this post