കൊൽക്കത്ത : പശ്ചിമ ബംഗാളിലെ എസ്‌ഐആറിനെ തുടർന്നുള്ള കരട് വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. മുൻ വോട്ടർ പട്ടികയെ അപേക്ഷിച്ച് 58 ലക്ഷത്തിലധികം പേരുടെ കുറവാണ് പുതിയ പട്ടികയിൽ ഉണ്ടായിരിക്കുന്നത്. മരണം, കുടിയേറ്റം, എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാത്തത് എന്നിവയുൾപ്പെടെ വിവിധ കാരണങ്ങളാൽ ആണ് 58 ലക്ഷത്തിലധികം പേരുടെ പേരുകൾ വെട്ടിയിരിക്കുന്നത്.
ഒഴിവാക്കലുകൾക്ക് ശേഷം, സംസ്ഥാനത്തെ കരട് വോട്ടർ പട്ടികയിൽ 7,08,16,631 വോട്ടർമാരാണുള്ളത്. കരട് പട്ടികയും, നീക്കം ചെയ്ത വോട്ടർമാരുടെ വിശദമായ, ബൂത്ത് തിരിച്ചുള്ള പട്ടികയും, നീക്കം ചെയ്തതിനുള്ള കാരണങ്ങളും ചീഫ് ഇലക്ടറൽ ഓഫീസറുടെ (സിഇഒ) പശ്ചിമ ബംഗാൾ വെബ്‌സൈറ്റിലും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പോർട്ടലിലും, ഇസിനെറ്റ് ആപ്ലിക്കേഷനിലും ലഭ്യമാക്കിയിട്ടുണ്ട്. അടുത്തവർഷം ആദ്യമാണ് പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ബാധിക്കപ്പെട്ട വോട്ടർമാർക്കുള്ള വാദം കേൾക്കൽ പ്രക്രിയ ഏകദേശം ഒരു ആഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സ്വന്തം പേരുകളോ കുടുംബാംഗങ്ങളുടെ പേരുകളോ നീക്കം ചെയ്‌തിട്ടുണ്ടോ എന്നും ഏത് വിഭാഗത്തിലാണ് പേരുകൾ നീക്കം ചെയ്‌തതെന്നും വോട്ടർമാർക്ക് സ്വയം പരിശോധിക്കുവാനും അന്യായമായി പുറത്തായിട്ടുണ്ടെങ്കിൽ അപ്പീൽ നൽകാനും കഴിയുന്നതാണ്. ഈ അപ്പീലുകൾ പരിഗണിച്ചതിനുശേഷം തിരുത്തൽ നടത്തിയായിരിക്കും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.









Discussion about this post