2026 ലെ ഐപിഎൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) ഇടംകൈയ്യൻ പേസർ മുസ്തഫിസുർ റഹ്മാനെ സ്വന്തമാക്കേണ്ടതായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ക്രിസ് ശ്രീകാന്ത് . പ്രശാന്ത് വീറിനെയും കാർത്തിക് ശർമ്മയെയും ₹14.2 കോടി വീതം നൽകി രണ്ട് വൻ താരങ്ങൾ വാങ്ങിയെങ്കിലും, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി (കെകെആർ) നടന്ന വാശിയേറിയ ലേലത്തിനൊടുവിൽ മുൻ താരം കൂടിയായ മുസ്തഫിസുർ റഹ്മാനെ ചെന്നൈ വിട്ടുകൊടുക്കുക ആയിരുന്നു.
ലേലത്തിൽ നേരത്തെ മതീഷ പതിരണയെ സ്വന്തമാക്കിയതിന് പുറമേ, ഒടുവിൽ ബംഗ്ലാദേശ് പേസറെ ₹9.20 കോടിക്ക് കെകെആർ സ്വന്തമാക്കി. സിഎസ്‌കെയുടെ ലേല നീക്കങ്ങളെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ ശ്രീകാന്ത് ഇങ്ങനെ പറഞ്ഞു :
“മുസ്തഫിസുറിനെ സ്വന്തമാക്കാതെ സിഎസ്‌കെക്ക് ഒരു തന്ത്രം പിഴച്ചു. അവർ പതിരണയെ വിട്ടുകൊടുക്കാൻ തീരുമാനിച്ചപ്പോൾ, മുസ്തഫിസുറിനെ സ്വന്തമാക്കേണ്ടതായിരുന്നു. 12 അല്ലെങ്കിൽ 15 കോടിക്ക് അദ്ദേഹം പോയാലും, അവർ അദ്ദേഹത്തെ സൈൻ ചെയ്യണമായിരുന്നു. സിഎസ്‌കെയ്ക്ക് അദ്ദേഹത്തെപ്പോലുള്ള ഒരു ബൗളറെ അത്യധികം ആവശ്യമാണ്. അങ്ങനെയുള്ള ഒരു ഡെത്ത് ബൗളർ അവർക്കില്ല.”
വീറും കാർത്തിക് ശർമ്മയും ഉൾപ്പെട്ട യുവതാരങ്ങളെ ചെന്നൈ സ്വന്തമാക്കിയെങ്കിലും അവരിൽ ഒരാൾക്ക് മാത്രമേ പ്ലേയിംഗ് പതിനൊന്നിൽ ഇടം ലഭിക്കൂ എന്ന് ശ്രീകാന്ത് പറഞ്ഞു.
“കാർത്തിക് ശർമ്മ, പ്രശാന്ത് വീർ എന്നിവരിൽ ഒരാൾക്ക് മാത്രമേ 11-ൽ കളിക്കാൻ കഴിയൂ. അകേൽ ഹൊസൈൻ ആദ്യ 11-ൽ ഉണ്ടാകണമെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. അദ്ദേഹം വളരെ നല്ല തിരഞ്ഞെടുപ്പാണ്, കാരണം, രവീന്ദ്ര ജഡേജയെപ്പോലെ, അദ്ദേഹം വളരെ നന്നായി പന്തെറിയുന്നു. നിങ്ങൾക്ക് നൂർ അഹമ്മദിനെ മാത്രം ആശ്രയിക്കാൻ കഴിയില്ല, അവിടെ നിങ്ങൾക്ക് അകേൽ ഹൊസൈനെ ആവശ്യമാണ്. പ്രശാന്ത് വീർ എങ്ങനെ പന്തെറിയുമെന്ന് നമുക്ക് അറിയില്ല,” താരം പറഞ്ഞു.
ലേലത്തിൽ സിഎസ്‌കെ ഒമ്പത് കളിക്കാരെയാണ് ഒപ്പം കൂട്ടിയത്.












Discussion about this post