‘എന്റെ ജീവിതമൊക്കെ ഭാവിയിൽ സിനിമയാക്കപ്പെടും’; കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് പാകിസ്താനി പോലീസ് ഉദ്യോഗസ്ഥനായ ചൗധരി അസ്ലം ഖാൻ തന്റെ ഭാര്യയോട് പറഞ്ഞിരുന്ന വാക്കുകളാണിത്. അത്രയേറെ നിഗൂഡതകൾ നിറഞ്ഞ ജീവിതം ആയിരുന്നു അദ്ദേഹം നയിച്ചിരുന്നത്. വർഷങ്ങൾക്ക് ശേഷം ചൗധരി അസ്ലമിന്റെ വാക്കുകൾ പോലെ അദ്ദേഹത്തിന്റെ ജീവിതം ഇപ്പോൾ ഒരു മെഗാഹിറ്റ് സിനിമയുടെ ഭാഗമായിരിക്കുകയാണ്. പക്ഷേ ചൗധരി അസ്ലം ഖാൻ പ്രതീക്ഷിച്ചിരുന്നത് പോലെ ഒരു പാകിസ്താനി സിനിമയിലെ വീരനായകൻ ആയല്ല അദ്ദേഹം വെള്ളിത്തിരയിൽ എത്തിയിട്ടുള്ളത്. പാകിസ്താനിൽ വാഴ്ത്തിപ്പാടലുകൾ മാത്രം കേട്ടിരുന്ന ചൗധരി അസ്ലം ഖാന്റെ യഥാർത്ഥ ജീവിതം വെളിപ്പെടുത്തുന്നത്, കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ഇന്ത്യൻ സിനിമ ‘ധുരന്ധർ’ ആണ്.
‘ധുരന്ധർ’ സിനിമയിൽ സഞ്ജയ് ദത്ത് ആണ് ചൗധരി അസ്ലം ആയി വേഷമിടുന്നത്. സിനിമയുടെ അടുത്ത ഭാഗത്തിൽ ആയിരിക്കും ചൗധരി അസ്ലമിന്റെ നിർണായകമായ യഥാർത്ഥ ജീവിതത്തിലെ പല ഭാഗങ്ങളും തുറന്നുകാട്ടപ്പെടുന്നത്. സിനിമയിൽ, ലിയാരിയിൽ റഹ്മാൻ ദകൈറ്റിന്റെ (അക്ഷയ് ഖന്ന) ഭരണം അവസാനിപ്പിക്കാനുള്ള ദൗത്യത്തിന് നേതൃത്വം കൊടുക്കുന്ന ആളാണ് എസ്പി ചൗധരി അസ്ലം. രൺവീർ സിങ്ങ് അവതരിപ്പിക്കുന്ന ഹംസ എന്ന കഥാപാത്രവുമായി അദ്ദേഹം സഹകരിക്കാൻ ആരംഭിക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. റഹ്മാൻ ദകൈറ്റിന്റെ സംഘത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഹംസ എന്ന ധാരണയിലാണ് ചൗധരി അസ്‌ലം അദ്ദേഹവുമായി സഹകരിക്കുന്നത്. അവർ രണ്ടുപേരും റഹ്മാനെ വളഞ്ഞ് ഒടുവിൽ അവനെ കൊല്ലുന്നത് വരെയാണ് സിനിമയിൽ കണ്ടത്.
‘ധുരന്ധർ’ രണ്ടാം ഭാഗം വരുമ്പോൾ ചൗധരി അസ്ലം ആയിരിക്കും പ്രധാന പ്രതിനായകൻ എന്നാണ് കരുതപ്പെടുന്നത്. ചൗധരി അസ്ലമിന്റെ കൊലപാതകത്തിൽ ഇന്ത്യൻ രഹസ്യന്വേഷണ ഏജൻസിയായ ‘റോ’ക്ക് പങ്കുണ്ടോ എന്ന ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. പാകിസ്താൻ പോലീസിലെ ഒരു പ്രധാന എന്‍കൗണ്ടർ സ്പെഷ്യലിസ്റ്റ് ആയിരുന്നു ചൗധരി അസ്ലം. എന്നാൽ അദ്ദേഹം നടത്തിയ പല ഏറ്റുമുട്ടലുകളും വ്യാജ ഏറ്റുമുട്ടലുകൾ ആയിരുന്നു എന്ന് ആരോപണമുയർന്നിരുന്നു.
2014-ൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ (ടിടിപി) ഒരു കാർ ബോംബ് സ്ഫോടനത്തിലൂടെ ആയിരുന്നു ചൗധരി അസ്ലമിനെ കൊലപ്പെടുത്തിയത്. ഈസ നാഗ്രിയിലെ ഒരു വാണിജ്യ മേഖലയിലൂടെ കാർ കടന്നുപോകുന്നതിനിടെ സ്ഫോടനം നടക്കുകയും ചൗധരി അസ്ലം കൊല്ലപ്പെടുകയുമായിരുന്നു. കൊലപാതകം നടന്ന ഉടൻതന്നെ ടിടിപി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ചൗധരി അസ്ലം കൊല്ലപ്പെട്ടപ്പോൾ അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പോലും ടിടിപിക്കെതിരെ കടുത്ത വിമർശനമായിരുന്നു ഉയർത്തിയത്. ചൗധരി അസ്ലമിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ടിടിപി ഏറ്റെടുത്തെങ്കിലും, 2017-ൽ പാകിസ്താനിൽ അറസ്റ്റിലായ ഒരു ഇന്ത്യൻ പൗരന്റെ വീഡിയോ കുറ്റസമ്മത മൊഴിയനുസരിച്ച്, അസ്ലമിന്റെ കൊലപാതകം റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ (റോ) നിർദ്ദേശപ്രകാരമാണെന്ന് സൂചിപ്പിക്കുന്നതായി പാകിസ്താൻ പ്രസിദ്ധീകരണമായ എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ദുരന്ധർ സിനിമയുടെ രണ്ടാം ഭാഗത്തിലൂടെ ചൗധരി അസ്ലമിന്റെ കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രേക്ഷകരിലേക്ക് എത്തും എന്നാണ് കരുതപ്പെടുന്നത്.












Discussion about this post