ന്യൂഡൽഹി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ MGNREGA യെ വിപുലീകൃതമായി പുനരാവിഷ്കരിക്കുന്ന വിക്സിത് ഭാരത് – ഗ്രാമീൺ റോസ്ഗാർ ആൻഡ് അജീവിക മിഷൻ – വിബി – ജി റാം ജി ബിൽ, 2025 ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിൽ ആയിരുന്നു ബിൽ പാസാക്കിയത്. ബിൽ പാസായതോടെ പ്രതിപക്ഷം ബില്ലിന്റെ പകർപ്പുകൾ കീറി എറിഞ്ഞു കൊണ്ട് പ്രതിഷേധിച്ചു.
കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു ആദ്യം പ്രതിപക്ഷം പ്രതിഷേധിച്ചത്. തുടർന്ന് നിയമനിർമ്മാണം ഇതിനകം തന്നെ ദീർഘമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് സ്പീക്കർ അറിയിച്ചു. ശേഷം ബിൽ പാസായതോടെ പ്രതിപക്ഷം പകർപ്പുകൾ കീറിയെറിയുകയായിരുന്നു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പ്രാബല്യത്തിൽ വരുന്നതിനു മുമ്പുതന്നെ തുടർച്ചയായ സർക്കാരുകൾ തൊഴിലുറപ്പ് പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ടെന്ന് ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടിയായി ചൗഹാൻ പറഞ്ഞു. 2009 ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മഹാത്മാഗാന്ധിയുടെ പേര് എൻആർഇജിഎയിൽ ചേർത്തതെന്നും അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി. ബിൽ അടുത്തതായി രാജ്യസഭയുടെ പരിഗണനയിലേക്ക് അയച്ചിരിക്കുകയാണ്. രാജ്യസഭ കൂടി ബിൽ പാസാക്കിയാൽ ജി റാം ജി ബിൽ നിയമമാകുന്നതാണ്.










Discussion about this post