മോസ്‌കോ : യൂറോപ്യൻ നേതാക്കൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക യോഗത്തിൽ ആയിരുന്നു പുടിന്റെ വിമർശനം. യൂറോപ്യൻ നേതാക്കളെ ‘പന്നിക്കുട്ടികൾ’ എന്നാണ് പുടിൻ വിശേഷിപ്പിച്ചത്. ചില ‘പന്നിക്കുട്ടികൾ’ റഷ്യയെ തകർക്കാമെന്ന് വ്യാമോഹിച്ചിരുന്നതായി പുടിൻ സൂചിപ്പിച്ചു. അമേരിക്കയുടെ നിർദ്ദേശപ്രകാരമായിരുന്നു യൂറോപ്യൻ നേതാക്കൾ റഷ്യയെ തകർക്കാൻ സ്വപ്നം കണ്ടിരുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റഷ്യയെ പെട്ടെന്ന് തന്നെ മുട്ടുകുത്തിച്ച് തകർക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിച്ചിരുന്നുവെന്ന് പുടിൻ പറഞ്ഞു. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. മുൻ യുഎസ് ഭരണകൂടത്തിന്റെ കാലത്ത്, പ്രത്യേകിച്ച് ബൈഡന്റെ കീഴിൽ, ഈ യൂറോപ്യൻ നേതാക്കൾ റഷ്യയുടെ തകർച്ച മുതലെടുക്കാൻ ആഗ്രഹിച്ചിരുന്നു. പഴയ കണക്കുകൾ തീർക്കാനാണ് അവർ ശ്രമിച്ചത്. എന്നാൽ ഇപ്പോൾ ആ സ്വപ്നം പൂർണ്ണമായും തകർന്നിരിക്കുന്നുവെന്നും പുടിൻ അറിയിച്ചു.
നാറ്റോ രാജ്യങ്ങൾക്കെതിരെ പുടിൻ മറ്റൊരു ഗുരുതരമായ ആരോപണം ഉന്നയിച്ചു . റഷ്യ യൂറോപ്പിനെ ആക്രമിക്കാൻ പോകുന്നുവെന്ന് നാറ്റോ മനഃപൂർവ്വം നുണ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് തീർത്തും അസംബന്ധമാണെന്ന് പുടിൻ പറഞ്ഞു. യൂറോപ്പിനെ ആക്രമിക്കാൻ റഷ്യയ്ക്ക് ഉദ്ദേശ്യമില്ല, പക്ഷേ സ്വന്തം ജനങ്ങളെ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് പ്രകോപിപ്പിക്കുകയാണ്. എന്നിരുന്നാലും, ഉക്രെയ്നും അതിന്റെ പിന്തുണക്കാരും ചർച്ചയുടെ മേശയിലേക്ക് ഗൗരവമായി വന്നില്ലെങ്കിൽ, റഷ്യ സൈനിക ശക്തിയോടെ മുന്നോട്ട് പോകുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി . റഷ്യൻ സൈന്യം എല്ലാ മുന്നണികളിലും മുന്നേറുന്നുണ്ടെന്നും ആവശ്യമെങ്കിൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്നും പുടിൻ വ്യക്തമാക്കി.











Discussion about this post