2026 ലെ ഐപിഎല്ലിന് മുന്നോടിയായി ജോഷ് ഇംഗ്ലിസിന്റെ പെരുമാറ്റത്തിൽ പഞ്ചാബ് കിംഗ്‌സ് ഉടമ നെസ് വാഡിയ നിരാശ പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോഷ് ഇംഗ്ലിസിനെ പ്രൊഫഷണലല്ലെന്ന് അദ്ദേഹം വിളിച്ചു. ലേലത്തിൽ വലിയ തുക നേടിയ താരം വരാനിരിക്കുന്ന സീസണിൽ പരിമിതമായ മത്സരങ്ങൾക്ക് മാത്രമേ അദ്ദേഹം തന്നെ ലഭ്യമാക്കൂ എന്നും അന്താരാഷ്ട്ര പ്രതിബദ്ധതകൾക്ക് മുൻഗണന നൽകുന്നു എന്നൊക്കെ പറഞ്ഞത് വളരെ താമസിച്ചായി പോയി എന്നുമൊക്കെയാണ് പഞ്ചാബ് ഉടമ പറഞ്ഞത്.
ഫ്രാഞ്ചൈസികൾ പൂർണ്ണ ലഭ്യത പ്രതീക്ഷിച്ച് ആയിരിക്കും ഒരു താരത്തിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതെന്ന് പിബികെഎസ് സഹ ഉടമ ചൂണ്ടിക്കാട്ടി. ഐപിഎൽ പോലുള്ള ഒരു ലീഗിൽ സുതാര്യതയും പ്രൊഫഷണലിസവും നിർണായകമാണെന്ന് വാഡിയ ഊന്നിപ്പറഞ്ഞു, അവിടെ ടീം പ്ലാനിംഗും സന്തുലിതാവസ്ഥയും കളിക്കാരുടെ ലഭ്യതയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. മുൻകൂറായി താരം ഇത് അറിയിച്ചിട്ടും ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് അദ്ദേഹത്തെ 8.6 കോടി രൂപയ്ക്ക് സ്വന്തമാക്കുകയായിരുന്നു.
“ഞങ്ങൾ ജോഷിനെ ശരിക്കും വിട്ടയക്കാൻ ഉദ്ദേശിച്ചിരുന്നില്ല. നിർഭാഗ്യവശാൽ, ജോഷ് അവസാന നിമിഷം മാത്രമാണ് ഞങ്ങളോട് പറഞ്ഞത്. കുറച്ചുനാളായി അദ്ദേഹം ഞങ്ങളോടൊപ്പമുണ്ടായിരുന്നു എന്നതിനാൽ അത് അത്ര ന്യായമല്ല. താരങ്ങളെ നിലനിർത്താനുള്ള സമയപരിധിക്ക് 45 മിനിറ്റ് മുമ്പ് അദ്ദേഹം വിവാഹിതനാകുകയാണെന്നും വിശ്രമിക്കാനും സുഖം പ്രാപിക്കാനും സമയം ആവശ്യമാണെന്നും ഞങ്ങളെ അറിയിച്ചത്. രണ്ടാഴ്ചത്തേക്ക് (മൂന്ന് മത്സരങ്ങൾ) മാത്രമേ അദ്ദേഹം ലഭ്യമാകൂ എന്ന് താരം പറഞ്ഞു. അദ്ദേഹം നേരത്തെ ഞങ്ങളെ തീരുമാനം അറിയിക്കേണ്ടതായിരുന്നുവെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. അവൻ കാണിച്ച പരിപാടി ശരിയായില്ല.”
“സമയപരിധി ഉണ്ടെന്ന് അവർക്ക് അറിയാം. 45 മിനിറ്റ് മുമ്പ് ഇതൊക്കെ വിളിച്ചുപറഞ്ഞത് ശരിയായില്ല. പക്ഷേ ഞാൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹം ഒരു നല്ല കളിക്കാരനാണ്, അദ്ദേഹം ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നന്നായി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം ഐപിഎല്ലിൽ കളിക്കുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം. അദ്ദേഹം മുൻ താരമായതിനാൽ ഞാൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. പക്ഷേ, അദ്ദേഹം പെരുമാറിയ രീതി അത്ര പ്രൊഫഷണലായിരുന്നില്ല,” നെസ് വാഡിയ പറഞ്ഞു.
ജോഷ് എന്തായാലും വളരെ കുറച്ച് മത്സരങ്ങളെ ഉണ്ടാകൂ എന്ന് അറിയിച്ചിട്ടും ലക്നൗ അദ്ദേഹത്തിനായി കോടികൾ മുടക്കുകയായിരുന്നു.











Discussion about this post