മൂന്ന് അമേരിക്കക്കാരെ കൊലപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റിന്റെ നടപടിക്ക് പ്രതികാരം ചെയ്ത് യു എസ്. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് സിറിയ ആൻഡ് ഇറാഖ് (ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്ക കൂട്ട ആക്രമണം നടത്തി. 70 ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ ആണ് ആക്രമണം നടത്തിയത്. ‘ഓപ്പറേഷൻ ഹോക്കി സ്‌ട്രൈക്ക്’ എന്നാണ് ഈ ദൗത്യത്തിന് അമേരിക്ക പേര് നൽകിയിരിക്കുന്നത്. ഒരാഴ്ച മുമ്പ് സിറിയയിലെ പാൽമിറയിൽ ഐസിസ് ഭീകരർ രണ്ട് യുഎസ് സൈനികരെയും ഒരു അമേരിക്കൻ വ്യാഖ്യാതാവിനെയും കൊലപ്പെടുത്തിയതിന്റെ പ്രതികാര നടപടിയാണിത്.
ഐസിസ് ഭീകരരെയും ആയുധ ഡിപ്പോകളെയും പ്രവർത്തന കേന്ദ്രങ്ങളെയും നശിപ്പിക്കുക എന്നതാണ് ഓപ്പറേഷൻ സ്ട്രൈക്ക് ലക്ഷ്യമിടുന്നത്. മധ്യ സിറിയയിലുടനീളമുള്ള ഐഎസ് അടിസ്ഥാന സൗകര്യങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങളും ക്യാമ്പുകളും ആണ് തകർക്കപ്പെട്ടിരിക്കുന്നത്. ആക്രമണത്തിൽ നിരവധി ഐസിസ് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ജോർദാന്റെ കൂടി സഹായത്തോടെയാണ് അമേരിക്ക സിറിയയിൽ ആക്രമണം നടത്തിയത്. അമേരിക്കയുടെ നിരവധി അതിനൂതന യുദ്ധവിമാനങ്ങളും ജോർദാനിൽ നിന്നുള്ള യുദ്ധവിമാനങ്ങളും പീരങ്കികളും ആക്രമണത്തിൽ ഉപയോഗിച്ചിട്ടുണ്ട്. യുഎസ് സൈന്യത്തിന്റെ എഫ്-15 ഈഗിൾ ജെറ്റുകൾ, എ-10 തണ്ടർബോൾട്ട് ഗ്രൗണ്ട് അറ്റാക്ക് എയർക്രാഫ്റ്റുകൾ, എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജോർദാനിൽ നിന്നുള്ള എഫ്-16 യുദ്ധവിമാനങ്ങളും ഹിമാർസ് റോക്കറ്റ് പീരങ്കികളും ആക്രമണത്തിനായി ഉപയോഗിച്ചു.
വിദേശത്ത് വിന്യസിച്ചിരിക്കുന്ന യുഎസ് സേനയ്‌ക്കെതിരായ ഭാവി ആക്രമണങ്ങൾ തടയുന്നതിനുള്ള ശക്തമായ പ്രതികരണമായാണ് വൈറ്റ് ഹൗസ് ഈ ആക്രമണങ്ങളെ വിശേഷിപ്പിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ, അമേരിക്ക ഒരിക്കലും തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നതിൽ മടിക്കുകയോ പിന്നോട്ട് പോകുകയോ ചെയ്യില്ലെന്ന് ദൗത്യത്തിന് പിന്നാലെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.













Discussion about this post