ഇന്നലെ അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20യിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ ഓപ്പണറായി വീണ്ടും മറ്റൊരു തകർപ്പൻ പ്രകടനം കാഴ്ചവച്ചു. ഒരു നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ ടീമിന്റെ ഓപ്പണറാകാനുള്ള അവസരം കിട്ടിയ സഞ്ജു ആ അവസരം നല്ല രീതിയിൽ മുതലെടുക്കുന്ന കാഴ്ചയാണ് ഇന്നലെ ക്രിക്കറ്റ് ലോകം കണ്ടത്.
പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സാംസൺ വെറും 22 പന്തിൽ നിന്ന് നാല് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉൾപ്പെടെ 37 റൺസ് നേടി. അദ്ദേഹത്തിന്റെ ആക്രമണാത്മക സമീപനം പവർപ്ലേയിൽ അഭിഷേക് ശർമ്മക്കൊപ്പം ഇന്ത്യൻ സ്കോർ മുന്നോട്ട് നയിക്കുകയും ഈ പരമ്പരയിലെ ഏറ്റവും മനോഹരമായ തുടക്കം ടീമിന് നൽകുകയും ചെയ്തു.
തന്റെ ഇന്നിംഗ്‌സിനിടെ, അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് എന്ന നാഴികക്കല്ലും സാംസൺ പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന 14-ാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനായി മലയാളി താരം മാറി, മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഉൾപ്പടെ ഭാഗമായ എലൈറ്റ് പട്ടികയിൽ ഇടം നേടി. തന്റെ 52-ാമത്തെ ടി20 മത്സരത്തിലാണ് സാംസൺ ഈ നാഴികക്കല്ല് പിന്നിട്ടത്.
മത്സരശേഷം, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സന്നിഹിതരായിരുന്ന കുട്ടികൾക്ക് സാംസൺ തന്റെ ഗ്ലൗസ് സമ്മാനമായി നൽകുന്ന കാഴ്ച കണ്ടു. ഇന്ത്യൻ കീപ്പറിൽ നിന്ന് ഗ്ലൗസ് ലഭിച്ചപ്പോൾ കുട്ടികൾ ആവേശത്തിലായി. ജീവിതകാലം മുഴുവൻ അവർക്ക് ഓർക്കാൻ ഇഷ്ടമുള്ള നിമിഷമായി ഇത് മാറുമെന്ന് ഉറപ്പാണ്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
— Ro Ko (@Tejash_cric4518) December 20, 2025













Discussion about this post