മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ‘മ്യൂസിക്കൽ ഹൊറർ മിസ്റ്ററി’ ചിത്രങ്ങളിലൊന്നാണ് ‘ദേവദൂതൻ’ (2000). സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്ത സമയത്ത് വലിയ വിജയം നേടിയില്ലെങ്കിലും, പിൽക്കാലത്ത് ഒരു കൾട്ട് ക്ലാസിക് പദവി നേടിയെടുക്കുകയും 2024-ൽ അതിന്റെ 4K പതിപ്പ് വീണ്ടും റിലീസ് ചെയ്തപ്പോൾ ചരിത്രപരമായ വിജയം നേടുകയും ചെയ്തു.
സംഗീതജ്ഞനായ വിശാൽ കൃഷ്ണമൂർത്തി (മോഹൻലാൽ) തന്റെ പഴയ കോളേജിലേക്ക് ഒരു സംഗീത നാടകം സംവിധാനം ചെയ്യാൻ എത്തുന്നതാണ് സിനിമയുടെ തുടക്കം. വർഷങ്ങൾക്ക് മുമ്പ്, കോളേജിലെ ചാപ്പലിലെ ‘സെവൻ ബെൽസ്’ (Seven Bells) എന്ന സംഗീതോപകരണം ആരും തൊടാതെ തനിയെ മുഴങ്ങിയെന്നും അതിന് ഉത്തരവാദി വിശാൽ ആണെന്നും ആരോപിച്ച് അദ്ദേഹത്തെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു.
തിരികെ എത്തിയ വിശാലിനെ ആ മണി പിന്നെയും വേട്ടയാടുന്നുണ്ട്. ആരാണ് രാത്രി കാലങ്ങളിൽ ആ ബെൽ മുഴക്കുന്നത്. ആ അന്വേഷണം അദ്ദേഹത്തെ എത്തിക്കുന്നത് മഹേശ്വർ (വിനീത് കുമാർ) എന്ന അന്ധനായ സംഗീതജ്ഞന്റെയും, അദ്ദേഹത്തിന്റെ കാമുകിയായ അലീനയുടെയും (ജയപ്രദ) തീവ്രമായ പ്രണയകഥയിലേക്കാണ്. ശേഷം എന്താണ് മഹേശ്വരിന് സംഭവിച്ചത് എന്ന സത്യം അദ്ദേഹം അലീനയെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുന്നതാണ് സിനിമ പറയുന്ന കഥ.
ഇതിലെ മോഹൻലാൽ ബ്രില്ലിയൻസും അയാളുടെ സൂക്ഷ്മ അഭിനയത്തെക്കുറിച്ചും സിബി മലയിൽ പറയുന്നത് ഇങ്ങനെ:
” ഇതിലെ വിശാൽ കൃഷ്ണമൂർത്തി ഇടംകൈയ്യൻ ആണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. ഇനി ആ കഥാപാത്രത്തിന്റെ ചലനങ്ങൾ ശ്രദ്ധിക്കുക. അതിൽ അയാൾ ഇടംകൈയ്യൻ ആണെന്ന് നമുക്ക് മനസിലാകുന്നത്. എഴുതുന്നതും നോട്സ് വായിക്കുന്നതും എല്ലാം ആ കൈ ഉപയോഗിച്ചാണ്. ഈ കഥാപാത്രത്തിന് എന്തെങ്കിലും പ്രത്യേകത വേണ്ടേ എന്ന് ലാൽ എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു, ലാലിൻറെ ഇഷ്ടം ഉള്ള പ്രത്യേകത കൊണ്ടുവരാൻ. അതുകൊണ്ടാണ് അയാൾ ഇടംകൈയ്യൻ ആയത്. ലാലിന് രണ്ട് കൈവെച്ചും എഴുതാനും കഴിക്കാനുമൊക്കെ സാധിക്കും. അതുകൊണ്ട് അയാൾ എളുപ്പത്തിൽ അങ്ങനെ ചെയ്തു. “
2000-ൽ പരാജയപ്പെട്ട ചിത്രം 24 വർഷങ്ങൾക്ക് ശേഷം 2024 ജൂലൈയിൽ 4K റീമാസ്റ്റേർഡ് പതിപ്പായി എത്തിയപ്പോൾ കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം കോടികൾ വാരുകയും ഏറ്റവും വലിയ റീ-റിലീസ് ഹിറ്റായി മാറുകയും ചെയ്തു.













Discussion about this post