തിരുവനന്തപുരം : കേരളത്തിൽ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ കരട് വോട്ടർ പട്ടികയും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിൽ 24 ലക്ഷത്തിലധികം പേരാണ് വോട്ടർപട്ടികയിൽ നിന്നും പുറത്തായത്.
കരട് പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും പകർപ്പുകൾ രാഷ്ട്രീയ പാർട്ടികളുമായി പങ്കിട്ടിട്ടുണ്ടെന്നും ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു. 2,54,42,352 പേരാണ് നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കരട് വോട്ടർ പട്ടികയിൽ കേരളത്തിൽ വോട്ടർമാരായി ഉള്ളത്. നീക്കം ചെയ്തവരിൽ 6,49,885 പേർ മരിച്ച വോട്ടർമാരാണ്, 6,45,548 വോട്ടർമാരെ കണ്ടെത്താനായില്ല, 8,16,221 പേർ രജിസ്റ്റർ ചെയ്ത വിലാസങ്ങളിൽ നിന്ന് സ്ഥിരമായി മാറിയിട്ടുണ്ട് എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇതോടൊപ്പം 1,36,029 ഡ്യൂപ്ലിക്കേറ്റ് എൻട്രികളും മറ്റ് വിഭാഗങ്ങളിൽ പെടുന്ന 1,60,830 വോട്ടർമാരെയും കണ്ടെത്തി നീക്കം ചെയ്തതായും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മുൻ വോട്ടർ പട്ടികയെ അപേക്ഷിച്ച് ആകെ വോട്ടർമാരുടെ 8.65 ശതമാനമാണ് കേരളത്തിൽ പുറത്തായിരിക്കുന്നത്. കരട് പട്ടികയുമായി ബന്ധപ്പെട്ട എതിർപ്പുകളും പരാതികളും ജനുവരി 22 വരെ സമർപ്പിക്കാമെന്നും അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കുമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു.









Discussion about this post