മുൻ ഇന്ത്യൻ ക്യാപ്റ്റനും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന ക്രിസ് ശ്രീകാന്ത്, 14 വയസ്സുകാരനായ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയെ സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്തുകൊണ്ട് രംഗത്ത്. അടുത്തിടെ വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ വെറും 84 പന്തിൽ 190 റൺസ് അടിച്ചുകൂട്ടിയ വൈഭവിന്റെ പ്രകടനത്തിന് പിന്നാലെയാണ് ശ്രീകാന്ത് ഈ അഭിപ്രായം പങ്കുവെച്ചത്.
സച്ചിൻ ടെണ്ടുൽക്കർ തന്റെ 16-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത് ചൂണ്ടിക്കാട്ടിയാണ് വൈഭവിനെയും നേരത്തെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ വൈഭവ് ടൂർണമെന്റിൽ മിന്നും പ്രകടനങ്ങൾ നടത്തി ഞെട്ടിക്കുകയായിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ വെറും 36 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു.
“വൈഭവ് എല്ലായിടത്തും സെഞ്ച്വറികൾ നേടുകയാണ്. സച്ചിനും ഇത്രയും ചെറിയ പ്രായത്തിലാണ് കളിച്ചു തുടങ്ങിയത്. വൈഭവിനെ വൈറ്റ് ബോൾ ക്രിക്കറ്റിൽ എത്രയും വേഗം ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണം. സൂര്യവംശിയുടെ റെക്കോർഡുകൾ നോക്കൂ. അവൻ തികച്ചും വ്യത്യസ്തമായ ഒരു തലത്തിലാണ് കളിക്കുന്നത് എന്ന് തോന്നുന്നത്. അവന് അവസരം നൽകാതെ ഒഴിവാക്കി വിടരുത്. അവനെ ഉടൻ തന്നെ ടീമിലെത്തിക്കണം. രാഹുൽ ദ്രാവിഡ് താരത്തെ ഫാസ്റ്റ് ട്രാക്ക് ചെയ്യണമെന്ന് പറഞ്ഞതായി ചില വാർത്തകൾ ഞാൻ കേട്ടു. കഴിഞ്ഞ ഐപിഎല്ലിൽ തന്നെ ഞാൻ ഇത് പറഞ്ഞിരുന്നു. കുറഞ്ഞത് അവനെ റിസർവുകളിൽ ഉൾപ്പെടുത്തി സാധ്യമാകുന്നിടത്തെല്ലാം ഒരു അവസരം നൽകുക. അവൻ വലിയ പ്രതിഭയാണ്” അദ്ദേഹം പറഞ്ഞു.
“അഭിഷേക് ശർമ്മയും വൈഭവ് സൂര്യവംശിയും ഓപ്പണിംഗ് നടത്തുന്നത് സങ്കൽപ്പിച്ചു നോക്കൂ. എത്ര വിനാശകരമായ ജോഡിയായിരിക്കും അത്. ഒന്നാലോചിച്ചു നോക്കൂ. അല്ലെങ്കിൽ ഇഷാൻ കിഷനും സൂര്യവംശിയും, അല്ലെങ്കിൽ ഇഷാനും അഭിഷേകും. ഈ ഇടംകൈയ്യൻമാർ കൂടുതൽ വിനാശകാരികളാണ്, ആദ്യ ആറ് ഓവറുകളിൽ തന്നെ മത്സരം നിങ്ങളിൽ നിന്ന് അവർ അക്ഷരാർത്ഥത്തിൽ എടുത്തുകളയും. വലംകൈയ്യൻമാർ ഓപ്പണിങ്ങിൽ ഇല്ലെങ്കിലും കുഴപ്പമില്ല” ക്രിസ് ശ്രീകാന്ത് പറഞ്ഞു.













Discussion about this post