1998-ൽ കമലിന്റെ സംവിധാനത്തിൽ സിദ്ധിഖിന്റെ കഥയിൽ ശ്രീനിവാസന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ “അയാൾ കഥയെഴുതുകയാണ്” എന്ന ചിത്രം കാണാത്ത മലയാളികൾ ഉണ്ടാകില്ല. ഇതിലെ മോഹൻലാലിന്റെ സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. വെള്ളമടിച്ച് അലമ്പുകാണിക്കുന്ന, പൈങ്കിളി നോവലിസ്റ്റായ സാഗർ കോട്ടപ്പുറം തന്റെ പ്രിയ സുഹൃത്ത് തഹസിൽദാർ രാമകൃഷ്ണനെ കാണാൻ ഒരു യാത്ര നടത്തുന്നു.
ശേഷം അയാളുടെയും കൂട്ടുകാരന്റെയും ജീവിതത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന തഹസിൽദാർക്കെതിരെ( നന്ദിനി അവതരിപ്പിച്ച കഥാപാത്രം) നടത്തുന്ന രസകരമായ പോരാട്ടങ്ങളും എന്താണ് അയാളുടെ ഭൂതകാലം എന്നുമാണ് ചിത്രം ചർച്ച ചെയ്യുന്ന കാര്യം. ആദ്യ പകുതി കോമഡിയും രണ്ടാം പകുതി കഥക്ക് പ്രാധാന്യം നൽകിയുമായിരുന്നു ഈ ചിത്രം ഒരുക്കിയത്.
ചിത്രത്തിൽ മോഹൻലാൽ കാരണം താൻ ചിരിച്ചുപോയി, കട്ട് പോലും പറയാൻ മറന്നുപോയ ഒരു സന്ദർഭത്തെക്കുറിച്ച് കമൽ ഒരു വിഡിയോയിൽ ഇങ്ങനെ പറഞ്ഞു:
“ചിത്രത്തിൽ നന്ദിനി താമസിക്കുന്ന വീട്ടിൽ ശ്രീനിവാസന്റെ കഥാപാത്രം തുടക്കത്തിൽ വരുമ്പോൾ അയാൾക്ക് ഷോക്കടിക്കുന്ന ഒരു രംഗമുണ്ട്. ശേഷം ലാൽ അത് ശ്രീനി താമസിക്കുന്ന വീടാണെന്ന് കരുതി അവിടെ വന്ന് ബെല്ലടിക്കുമ്പോൾ അയാൾക്കും ഷോക്കേൽക്കുന്നു. വെള്ളമടിച്ച് ഒരൽപം ഓവറായി പെരുമാറുന്ന സാഗർ കോട്ടപ്പുറം എങ്ങനെയാകും ആ സീൻ ചെയ്യുക എന്ന് ഞാൻ ആകാംഷയോയോടെ നോക്കി നിന്നു. റിഹേഴ്സൽ ഇല്ലാതെ നേരെ ടേക്ക് പോയ ആ സീനിൽ ബെല്ലടിക്കുമ്പോൾ ലാലിന് ഷോക്ക് കിട്ടുന്നു . ശേഷം അദ്ദേഹം ഇടുന്ന റിയാക്ഷൻ കണ്ടിട്ട് എനിക്ക് ചിരിയടക്കാനായില്ല. ഞാൻ കട്ട് പോലും പറയാൻ മറന്നു പോയി. ഞാൻ കട്ട് പറയാൻ മറന്നത് കൊണ്ട് ലാൽ വീണുകിടന്നിട്ട് ഒരു പിടച്ചിൽ കൂടിയിട്ടു. അത് കൂടി കണ്ടപ്പോൾ എനിക്ക് ചിരി നിയന്ത്രിക്കാനായില്ല. പിന്നെയാണ് ഞാൻ കട്ട് പറഞ്ഞത്. ആ ഭാഗം ഉൾപ്പടെ ഇന്ന് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് പോലെ ആ വേഷം ചെയ്യാൻ അന്നും ഇന്നും ആരുമില്ല എന്ന് പറയാൻ സാധിക്കും. എത്ര അലമ്പാകാമോ അത്രയും അലമ്പാകണം.” അദ്ദേഹം ഓർത്തു.
ഈ ചിത്രത്തിലെ “ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ”, “കുപ്പിവള” തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാളിയുടെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നു












