മോസ്കോ: യുക്രൈയ്ൻ സമാധാന ചർച്ചകൾക്ക് തയ്യാറാകുന്നില്ലെങ്കിൽ യുദ്ധം ശക്തമായി തുടരുമെന്ന കടുത്ത മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. നയതന്ത്ര തലത്തിലുള്ള നീക്കങ്ങൾ പരാജയപ്പെട്ടാൽ, തന്റെ എല്ലാ ലക്ഷ്യങ്ങളും സൈനിക കരുത്തിലൂടെ തന്നെ നേടിയെടുക്കുമെന്ന് പുടിൻ പ്രഖ്യാപിച്ചു. യുക്രൈൻ പ്രസിഡന്റ് വോലോഡിമിർ സെലൻസ്‌കിയും നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച ഫ്ലോറിഡയിൽ നടക്കാനിരിക്കെയാണ് പുടിന്റെ ഈ മുന്നറിയിപ്പ്.
സമാധാനമല്ലെങ്കിൽ പോരാട്ടം സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ സംഘർഷം അവസാനിപ്പിക്കാൻ യുക്രെെയ്ന് താൽപ്പര്യമില്ലെന്നാണ് റഷ്യയുടെ ആരോപണം. “യുക്രെെയ്നിലെ ഭരണകൂടം വിഷയം സമാധാനപരമായി പരിഹരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, പ്രത്യേക സൈനിക നീക്കത്തിലൂടെ ലക്ഷ്യമിട്ട കാര്യങ്ങളെല്ലാം ഞങ്ങൾ സൈനിക നടപടിയിലൂടെ തന്നെ പൂർത്തിയാക്കും”- പുടിൻ വ്യക്തമാക്കി. റഷ്യൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ടാസ് ആണ് പുടിന്റെ ഈ പ്രസ്താവന പുറത്തുവിട്ടത്.
പുടിന്റെ മുന്നറിയിപ്പിന് പിന്നാലെ യുക്രൈയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. 500 ഓളം ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് കീവിലും പരിസര പ്രദേശങ്ങളിലും റഷ്യ ബോംബിട്ടു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പത്ത് മണിക്കൂറോളം നീണ്ടുനിന്ന ഈ ആക്രമണം റഷ്യയ്ക്ക് സമാധാനത്തിൽ താൽപ്പര്യമില്ലെന്നതിന്റെ തെളിവാണെന്ന് സെലൻസ്‌കി തിരിച്ചടിച്ചു.
അതിനിടെ, ലോകം ഉറ്റുനോക്കുന്ന ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ച ഞായറാഴ്ച ഫ്ലോറിഡയിൽ നടക്കും. ഏകദേശം നാല് വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള വഴികളായിരിക്കും ചർച്ചയിലെ പ്രധാന അജണ്ട. ഡൊണാൾഡ് ട്രംപ് അധികാരത്തിലേറുന്നതോടെ യുഎസ് നിലപാടുകളിൽ മാറ്റം വരുമോ എന്ന ആശങ്ക റഷ്യയ്ക്കും യുക്രൈനുമുണ്ട്. ഇതിനിടെ ഡൊണെസ്ക്, സാപ്പോറീഷ്യ തുടങ്ങിയ പ്രദേശങ്ങൾ പിടിച്ചെടുത്തതായി റഷ്യൻ സൈന്യം അവകാശപ്പെട്ടു.
റഷ്യയുടെ നടപടി ‘ക്രൂരമാണെന്ന്’ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി അപലപിച്ചു. യുക്രൈന് 1.82 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായവും കാനഡ പ്രഖ്യാപിച്ചു. ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി റഷ്യ ആക്രമണം ശക്തമാക്കിയത് യുക്രൈനെ സമ്മർദ്ദത്തിലാക്കാനാണെന്നാണ് വിലയിരുത്തൽ.













Discussion about this post