മലയാള സിനിമയിൽ ഒരുപാട് മാസ് പടങ്ങൾ ഈ കാലത്ത് പിറവിയെടുത്തിട്ടുണ്ട്. ആ ഹിറ്റ് ചാർട്ടുകളിൽ എന്നും മുന്നിൽ നിൽക്കുന്ന സിനിമകളിൽ ഒന്നാണ് നരസിംഹം. ഷാജി കൈലാസിന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ ഈ ചിത്രം മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ മാസ്സ് ഹിറ്റുകളിൽ ഒന്നായി ഇന്നും നിലനിൽക്കുന്നു.
അച്ഛനായ ജസ്റ്റിസ് ഭരതൻ മേനോൻ തന്നെ വിധിച്ച ഒരു കൊലക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന പൂവള്ളി ഇന്ദുചൂഡന്റെ കഥയാണിത്. അച്ഛനോടുള്ള വെല്ലുവിളിയും താൻ ചെയ്യാത്ത കുറ്റത്തിന് തന്നോട് പക വീട്ടിയ വില്ലന്മാരോടുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇന്ദുചൂഢന്റെ തകർപ്പൻ ആക്ഷൻ സീനുകളും മാസ് ഡയലോഗുകളുമെല്ലാം ഫ്രെയിം ബൈ ഫ്രെയിം നമുക്ക് ഇപ്പോൾ പരിചിതമാണ്.
ഈ സിനിമയിലെ ഏറ്റവും വലിയ ആവേശം അഡ്വക്കേറ്റ് നന്ദഗോപാൽ മാരാറായി മമ്മൂട്ടി എത്തുന്ന സീൻ ആണ്. മോഹൻലാലും മമ്മൂട്ടിയും ഒരേ സ്ക്രീനിൽ എത്തിയപ്പോൾ അത് തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറി. ഇത് കൂടാതെ സിനിമയിലേറ്റവും കൈയടി കിട്ടിയത് മോഹൻലാലിൻറെ ഇൻട്രോ സീനിനായിരുന്നു. ഭാരതപ്പുഴയിൽ നിന്ന് പെട്ടെന്ന് പൊങ്ങി വന്ന് വില്ലൻ കഥാപാത്രത്തെ വിറപ്പിക്കുന്ന അദ്ദേഹത്തെ എങ്ങനെ മറക്കുമല്ലേ. എന്നാൽ ആ സീൻ എങ്ങനെയാണ് പിറന്നതെന്ന് അറിയണ്ടേ. ഷാജി കൈലാസ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ:
“ലാലിൻറെ ഇൻട്രോ ഭാരതപ്പുഴയിൽ നിന്ന് ഉയർന്ന് വരുന്ന രീതിയിലാണ് പ്ലാൻ ചെയ്തത്. ആ സീൻ ഷൂട്ട് ചെയ്തതിന്റെ തലേദിവസം എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടതെന്ന് അറിയാൻ ഞങ്ങൾ ഒരു റിഹെഴ്സൽ നോക്കി. അതിനായി സെറ്റിൽ ഒരാളെ അവിടെ ഒരു പ്രത്യേക പോയിന്റിൽ ഇറക്കുകയും ചെയ്തു. 8 വരെ എണ്ണുമ്പോൾ ഉയർന്നുവരുമ്പോൾ പൊങ്ങി വരണം എന്നാണ് അയാൾക്ക് കൊടുത്ത നിർദേശം. എന്നാൽ 8 ഒകെ കഴിഞ്ഞ് കുറെ സമയം കഴിഞ്ഞ് 20 വരെ എണ്ണിയിട്ടും അയാൾ ഉയർന്നുവന്നില്ല. ഇതോടെ സെറ്റ് ഒന്ന് ഭയന്നു. അയാളെ തപ്പി അടുത്ത സംഘം വെള്ളത്തിലേക്ക് ചാടാൻ നിന്നപ്പോൾ ആണ് ഞങ്ങളിറക്കിയ പോയിന്റിൽ നിന്ന് കുറെ ദൂരെ മാറി അയാളുടെ അലറിച്ച കേട്ടത്. ഒഴുക്കിൽ പെട്ട് പോയതായിരുന്നു പുള്ളി. അതിനാൽ തന്നെ ലാലിനെ വെച്ച് ഒരു റിസ്ക്ക് എടുക്കാൻ ഞാൻ മടിച്ചു. അതോടെ ആ ഇൻട്രോ കുളത്തിൽ വെച്ചാണ് ഷൂട്ട് ചെയ്തത്.”
മലയാള സിനിമയിൽ ആദ്യമായി 20 കോടി രൂപ കളക്ഷൻ നേടിയ ചിത്രമായിരുന്നു നരസിംഹം. അക്കാലത്ത് 150 ദിവസത്തിലധികം ഈ ചിത്രം തിയേറ്ററുകളിൽ ഓടി.













Discussion about this post