പശ്ചിമേഷ്യയിൽ യുദ്ധഭീതി പുകയുന്നതിനിടെ അമേരിക്കയെ അമ്പരപ്പിച്ചുകൊണ്ട് പാകിസ്താൻ്റെ ഇരട്ടത്താപ്പ് പുറത്തുവരുന്നു. ഇറാൻ വ്യോമസേനയുടെ സൈനിക വിമാനം പാകിസ്താൻ ഒളിപ്പിച്ചു എന്ന യുഎസ് ആരോപണം ശരിവയ്ക്കുന്ന നിർണ്ണായകമായ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാക് വ്യോമതാവളത്തിൽ അതീവ രഹസ്യമായി പാർക്ക് ചെയ്തിരിക്കുന്ന ഇറാന്റെ സൈനിക വിമാനത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളാണ് ഇപ്പോൾ ലോകത്തിന് മുന്നിലെത്തിയിരിക്കുന്നത്. അമേരിക്കൻ കമ്പനിയായ വാന്റർ പുറത്തുവിട്ട ഈ ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
യുഎസും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ മധ്യസ്ഥ ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത് പാകിസ്ഥാനാണെന്നിരിക്കെ, അവർ തന്നെ ഇറാനെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത് വാഷിംഗ്ടണെ ചൊടിപ്പിച്ചിട്ടുണ്ട്. ‘വിശ്വസിക്കാൻ കൊള്ളാത്ത രാജ്യം’ എന്ന യുഎസിന്റെ മുൻപത്തെ ആരോപണങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. ഇറാന്റെ വിമാനത്തിന് പാക് താവളങ്ങളിൽ സംരക്ഷണം നൽകുക വഴി പശ്ചിമേഷ്യൻ പോരാട്ടത്തിൽ പാകിസ്താൻ ഏത് ഭാഗത്താണെന്ന സൂചനയാണ് നൽകുന്നത്.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും, മറുവശത്ത് ഇറാനുമായി ചേർന്ന് പ്രതിരോധ നീക്കങ്ങൾ നടത്തുകയാണ് ഇസ്‌ലാമാബാദ് എന്ന് വ്യക്തം. നിലവിൽ പുറത്തുവന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പാകിസ്താനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ അമേരിക്കയുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതികരണമുണ്ടാകുമെന്നാണ് സൂചന. ഇതോടെ പശ്ചിമേഷ്യയിലെ സമവായ ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.












