2026 ജനുവരിയിൽ ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറയ്ക്കും സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കും ബിസിസിഐ വിശ്രമം അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി താരങ്ങളുടെ കായികക്ഷമത ഉറപ്പാക്കാനാണ് ബിസിസിഐ മുൻഗണന നൽകുന്നത്. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങൾ ലോകകപ്പിന് മുൻപ് പൂർണ്ണ ആരോഗ്യവാന്മാരായിരിക്കണമെന്ന് മാനേജ്‌മെന്റ് ആഗ്രഹിക്കുന്നു.
തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നത് ഒഴിവാക്കി പരിക്കുകൾ തടയുന്നതിനാണ് ഈ വിശ്രമം. ബുംറയും പാണ്ഡ്യയും കഴിഞ്ഞ കുറച്ചു കാലമായി വൈറ്റ് ബോൾ ക്രിക്കറ്റിൽ കൃത്യമായ വിശ്രമത്തോടെയാണ് കളിക്കുന്നത്. ഏകദിന പരമ്പരയിൽ വിശ്രമം അനുവദിക്കുമെങ്കിലും ടി 20 പരമ്പരയിൽ ഇരുവരും തിരിച്ചെത്തും. 5 മത്സരങ്ങളായിരിക്കും പരമ്പരയിലുണ്ടാകുക.
വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനും ഏകദിന പരമ്പരയിൽ വിശ്രമം നൽകാൻ സാധ്യതയുണ്ട് എന്ന വാർത്തകൾ വരുന്നുണ്ട്. പന്തിന് പകരം ഇഷാൻ കിഷനോ ജിതേഷ് ശർമ്മയോ ടീമിലെത്തിയേക്കാം. ഋഷഭ് പന്തിനെ വൈറ്റ് ബോൾ ഫോർമാറ്റിൽ നിന്ന് പൂർണമായിട്ടും ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പുതിയ നീക്കമെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.
ജനുവരി ആദ്യവാരം ഈ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഏകദിന ടീമിനെ ശുഭ്മൻ ഗിൽ നയിക്കാനാണ് സാധ്യത.













Discussion about this post