90-കളുടെ മധ്യത്തിൽ ഇന്ത്യയിലെ കാർ വിപണി മാരുതി സുസുക്കിയുടെയും വിദേശ ബ്രാൻഡുകളുടെയും കൈപ്പിടിയിലായിരുന്നു. അന്ന് വലിയ ട്രക്കുകൾ മാത്രം നിർമ്മിച്ചിരുന്ന ടാറ്റ മോട്ടോഴ്‌സിന് (അന്ന് TELCO) പാസഞ്ചർ കാർ നിർമ്മിക്കുക എന്നത് അസാധ്യമായ ഒന്നാണെന്ന് പലരും വിശ്വസിച്ചു. പക്ഷേ, രത്തൻ ടാറ്റയ്ക്ക് ഒരു വാശിയുണ്ടായിരുന്നു—ഇന്ത്യക്കാരന്റെ ആവശ്യങ്ങൾക്കനുസരിച്ച്, ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത ഒരു കാർ.
അങ്ങനെ 1700 കോടി രൂപയുടെ ഭീമമായ നിക്ഷേപത്തിൽ ടാറ്റ ഇൻഡിക്ക പിറന്നു. “More car per car” എന്ന ടാഗ്‌ലൈനോടെ 1998 ഡിസംബറിൽ അത് പുറത്തിറങ്ങുമ്പോൾ ഇന്ത്യ ഒന്നടങ്കം ആവേശത്തിലായിരുന്നു. വെറും ഒരാഴ്ചയ്ക്കുള്ളിൽ 1.15 ലക്ഷം ബുക്കിംഗുകൾ ലഭിച്ചു! എന്നാൽ ആ ആവേശം അധികകാലം നീണ്ടുനിന്നില്ല. റോഡിലിറങ്ങിയ ഇൻഡിക്ക കാറുകൾക്ക് പലവിധ സാങ്കേതിക പ്രശ്നങ്ങളുണ്ടായി. എൻജിൻ ശബ്ദം, വൈബ്രേഷൻ, മൈലേജ് കുറവ് തുടങ്ങിയ പരാതികൾ പ്രളയം പോലെ ടാറ്റയുടെ ഓഫീസുകളിലേക്ക് ഒഴുകിയെത്തി. ഉപഭോക്താക്കൾ പ്രകോപിതരായി. മാധ്യമങ്ങൾ രത്തൻ ടാറ്റയുടെ ഈ പരീക്ഷണത്തെ “വലിയൊരു അബദ്ധം” എന്ന് വിശേഷിപ്പിച്ചു.
ടാറ്റ ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പോലും ഈ പരാജയത്തിൽ ഭയപ്പെട്ടു. കനത്ത നഷ്ടം സഹിക്കാനാവാതെ വന്നപ്പോൾ, എല്ലാവരും ഒരേ സ്വരത്തിൽ ഒരു കാര്യം പറഞ്ഞു: “നമുക്ക് ഈ കാർ ബിസിനസ് വിൽക്കാം.” മനമില്ലാ മനസ്സോടെയാണെങ്കിലും തന്റെ പ്രിയപ്പെട്ട സ്വപ്നം ഉപേക്ഷിക്കാൻ രത്തൻ ടാറ്റ തീരുമാനിച്ചു. അങ്ങനെയാണ് ഫോർഡുമായുള്ള ആ നിർണ്ണായക ചർച്ചയ്ക്ക് വഴിതെളിയുന്നത്.
അമേരിക്കയിലെ ഡെട്രോയിറ്റ് നഗരത്തിൽ മഞ്ഞു വീഴുന്ന ഒരു തണുത്ത പ്രഭാതം. ഫോർഡ് മോട്ടോഴ്‌സിന്റെ കൂറ്റൻ ആസ്ഥാന മന്ദിരത്തിലേക്ക് കയറി ചെല്ലുമ്പോൾ രത്തൻ ടാറ്റയുടെ മനസ്സിൽ ഇന്ത്യയുടെ സ്വപ്നമായ ‘ഇൻഡിക്ക’ കാറുകളായിരുന്നു. എന്നാൽ ചർച്ചാ മുറിയിൽ അദ്ദേഹത്തെ കാത്തിരുന്നത് കഠിനമായ വാക്കുകളായിരുന്നു. ബിൽ ഫോർഡ് കസേരയിൽ അല്പം പിന്നിലേക്ക് ആഞ്ഞിരുന്ന് പുച്ഛത്തോടെ രത്തൻ ടാറ്റയെ നോക്കി പറഞ്ഞു:
“കാറുകൾ നിർമ്മിക്കാൻ അറിയില്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ ഈ പണിക്കിറങ്ങിയത്? നിങ്ങളുടെ കാർ വിഭാഗം ഞങ്ങൾ വാങ്ങുന്നത് നിങ്ങളോട് ചെയ്യുന്ന വലിയൊരു ഔദാര്യമാണ്.”
കൂടെയുണ്ടായിരുന്ന ടാറ്റയുടെ ഉദ്യോഗസ്ഥർക്ക് അത് സഹിക്കാനായില്ല. പക്ഷേ, രത്തൻ ടാറ്റ നിശബ്ദനായിരുന്നു. ആ വാക്കുകൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഒരു മുറിവുണ്ടാക്കി, പക്ഷേ മുഖത്ത് ഭാവവ്യത്യാസങ്ങളൊന്നുമില്ലായിരുന്നു. അന്ന് രാത്രി തന്നെ ചർച്ചകൾ അവസാനിപ്പിച്ച് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. വിമാനത്തിലിരിക്കുമ്പോൾ അദ്ദേഹം ഉറങ്ങിയില്ല; ആ അപമാനത്തിന്റെ കയ്പുള്ള ഓർമ്മകൾ ഒരു നിശ്ചയദാർഢ്യമായി മാറുകയായിരുന്നു.
മുംബൈയിൽ തിരിച്ചെത്തിയ ടാറ്റ, കാർ നിർമ്മാണ വിഭാഗം വിൽക്കാനുള്ള പ്ലാൻ ചവറ്റുകുട്ടയിലെറിഞ്ഞു. അദ്ദേഹം തന്റെ ടീമിനോട് പറഞ്ഞു: “നമുക്ക് ലോകത്തിന് കാണിച്ചുകൊടുക്കണം, ഇന്ത്യക്കാർക്കും കാറുകൾ നിർമ്മിക്കാൻ അറിയാമെന്ന്.” ഇന്ത്യയിൽ തിരിച്ചെത്തിയ ടാറ്റ തന്റെ എഞ്ചിനീയർമാരെ വിളിച്ചുകൂട്ടി. അവർ എല്ലാ പരാതികളും വിശകലനം ചെയ്തു. ഏകദേശം 45,000 കാറുകൾ കമ്പനി തിരിച്ചുവിളിച്ചു (Recall), 42 ഭാഗങ്ങൾ സൗജന്യമായി മാറ്റിനൽകി. പരാജയങ്ങളിൽ നിന്ന് പഠിച്ച്, 2001-ൽ അവർ ടാറ്റ ഇൻഡിക്ക V2 പുറത്തിറക്കി. അതൊരു വൻ വിജയമായിരുന്നു! ഇന്ത്യൻ കാർ വിപണിയിലെ ചരിത്രം തിരുത്തിക്കൊണ്ട് ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന കാറായി ഇൻഡിക്ക മാറി. പരാജയപ്പെട്ടെന്ന് കരുതിയ ഇടത്തുനിന്ന് ടാറ്റ മോട്ടോഴ്‌സ് കുതിച്ചുയർന്നു.
അടുത്ത ഒമ്പത് വർഷങ്ങൾ ടാറ്റയുടെ പടയോട്ടമായിരുന്നു. ലാഭത്തേക്കാൾ ഉപരി ഗുണനിലവാരത്തിലും സാങ്കേതികവിദ്യയിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ നിരത്തുകളിൽ വിപ്ലവം സൃഷ്ടിച്ചു. വിധി കാത്തുവെച്ച മറ്റൊരു ട്വിസ്റ്റ് അവിടെ തുടങ്ങുകയായിരുന്നു. 2008 ആയപ്പോഴേക്കും ലോകം വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് (Economic Crisis) വീണു. ലോകം വാണിരുന്ന വമ്പൻ കമ്പനികൾ ഒന്നൊന്നായി തകരാൻ തുടങ്ങി. ഒരിക്കൽ അഹങ്കാരത്തോടെ സംസാരിച്ച ഫോർഡ് കമ്പനിയും തകർച്ചയുടെ അക്കരെയായിരുന്നു. അവരുടെ അഭിമാന ബ്രാൻഡുകളായ ജാഗ്വാറും (Jaguar) ലാൻഡ് റോവറും (Land Rover) വിൽക്കാതെ അവർക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന അവസ്ഥ വന്നു.
വാർത്ത കേട്ട ടാറ്റ ഒട്ടും വൈകിയില്ല. അന്ന് തന്നെ അദ്ദേഹം ഫോർഡിന് മുന്നിൽ ഒരു ഓഫർ വെച്ചു. ആ ആഡംബര കാർ ബ്രാൻഡുകൾ വാങ്ങാൻ ടാറ്റ തയ്യാറാണ് ഇത്തവണ സ്ഥലം മാറി. ചർച്ചകൾ നടന്നത് മുംബൈയിലെ ടാറ്റയുടെ ആസ്ഥാനത്തായിരുന്നു. ലോകം കണ്ട ഏറ്റവും വലിയ ബിസിനസ് ഉടമ്പടികളിലൊന്ന് അവിടെ ഒപ്പിട്ടു. ചടങ്ങുകൾക്ക് ശേഷം ബിൽ ഫോർഡ് രത്തൻ ടാറ്റയുടെ അരികിലെത്തി കൈ കൊടുത്തു. വിനയത്തോടെ അദ്ദേഹം പറഞ്ഞു:
“മിസ്റ്റർ ടാറ്റ, നിങ്ങൾ ജാഗ്വാറും ലാൻഡ് റോവറും വാങ്ങുന്നതിലൂടെ ഞങ്ങളോട് വലിയൊരു ഉപകാരമാണ് ചെയ്യുന്നത്.”
ഒമ്പത് വർഷം മുമ്പ് ഡെട്രോയിറ്റിൽ വെച്ച് താൻ കേട്ട അതേ വാക്കുകൾ! പക്ഷേ അന്ന് അത് പരിഹാസമായിരുന്നെങ്കിൽ ഇന്ന് അത് ഒരു വലിയ തോൽവിയുടെ സമ്മതപത്രമായിരുന്നു. ഒരു വാക്കുപോലും ആരെയും വേദനിപ്പിക്കാതെ, തന്റെ വിജയം കൊണ്ട് രത്തൻ ടാറ്റ പകരം വീട്ടുകയായിരുന്നു.ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച കാറുകളിലൊന്നായി ജാഗ്വാർ ലാൻഡ് റോവർ അറിയപ്പെടുമ്പോൾ, അത് ടാറ്റ എന്ന മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ വിജയഗാഥയാണ്. കാലം ആർക്കും മുന്നിലും ഒരേപോലെ നിൽക്കില്ല എന്നതിന്റെ വലിയൊരു ഉദാഹരണം.













Discussion about this post