തിരുവനന്തപുരം : കോർപ്പറേഷന്റെ ബസുകൾ തിരുവനന്തപുരം നഗരത്തിനു പുറത്തോടിക്കുന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയ മേയർ വിവി രാജേഷിന്റെ വാദത്തിന് തെളിവായി മുൻ മേയർ ആര്യ രാജേന്ദ്രന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്. കെ.എസ്.ആർ.ടി.സി കോർപ്പറേഷന്റെ ബസുകൾ ഉപയോഗിക്കുന്ന വിഷയത്തിൽ ക്രമക്കേട് നടത്തിയെന്ന് വ്യക്തമാക്കുന്ന പോസ്റ്റാണ് പുറത്തുവന്നത്. ഇതോടെ മേയർ വിവി രാജേഷിനു മറുപടിയുമായെത്തിയ മന്ത്രി കെബി ഗണേഷ് കുമാറിന് തിരിച്ചടിയായിരിക്കുകയാണ് മുൻ മേയർ ആര്യയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്.
ആര്യയുടെ പോസ്റ്റിന്റെ പൂർണരൂപം
“തിരുവനന്തപുരം നഗരസഭയുടെ പ്രഖ്യാപിത നയമാണ് കാർബൺ ന്യുട്രൽ അനന്തപുരി എന്നത്. നഗരത്തിലെ ജനങ്ങൾക്ക് ഏറ്റവും സുഗമമായും കുറഞ്ഞ നിരക്കിലും ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 115 വൈദ്യുതി ബസുകൾ KSRTC സ്വിഫ്റ്റിന് വാങ്ങി നൽകിയത്. അതിന്റെ ഭാഗമായി രൂപം കൊടുത്ത ഒരു ത്രികക്ഷി കരാർ വ്യവസ്ഥ പ്രകാരമാണ് ഈ വൈദ്യുതി ബസുകൾ സർവീസ് നടത്തേണ്ടത്. എന്നാൽ KSRTC ഈ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതായാണ് പരിശോധയിൽ കാണുന്നത്.
നഗരപരിധി വിട്ടുള്ള സർവീസുകൾക്ക് നഗരസഭ വാങ്ങി നൽകിയ വൈദ്യുതി ബസ് ഉപയോഗിച്ചു എന്നതാണ് പ്രധാനമായും കാണുന്ന കരാർ ലംഘനം. നഗരസഭയുടെ പരിധിയും കഴിഞ്ഞ്, സമീപ ജില്ലയിലേക്ക് വരെ നഗരസഭ വാങ്ങി നൽകിയ വൈദ്യുതി ബസുകൾ സർവീസ് നടത്തുന്നതായി നേരിട്ടും സാമൂഹ്യ മാധ്യമങ്ങൾ വഴിയും പരാതികൾ വന്നിരുന്നു. തുടർന്ന് നഗരസഭയുടെ ഇന്റെഗ്രേറ്റഡ് കമാന്റ് ആൻഡ് കൺട്രോൾ സെന്റർ (ICCC) ൽ നടത്തിയ GPS പരിശോധനയിൽ പരാതികൾ വസ്തുതയാണെന്ന് ബോധ്യപ്പെട്ടു. കൂടാതെ വൈദ്യുതി ബസുകളുടെ റൂട്ടുകൾ, ടിക്കറ്റ് നിരക്കുകൾ എന്നിവ നഗരസഭയുമായി കൂടിയാലോച്ച് നിശ്ചയിക്കണം എന്ന കരാറിലെ വ്യവസ്ഥയും ലംഘിക്കപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് മുഴുവൻ കാര്യങ്ങളും വിശദമായി പരിശോധിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിലേക്കായി ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് നഗരസഭ പരാതി നൽകിയിട്ടുണ്ട്. സർക്കാർ തീരുമാനം വന്നതിന് ശേഷം തുടർനടപടികൾ ഭരണസമിതി ആലോചിച്ച് തീരുമാനിക്കും. നഗരത്തിലെ അന്തരീക്ഷമലിനീകരണത്തിന്റെ തോത് കുറക്കാനും നഗരവാസികൾക്ക് കുറഞ്ഞ നിരക്കിൽ ഫലപ്രദമായ പൊതുഗതാഗതസൗകര്യം ഒരുക്കുന്നതിനും ലക്ഷ്യമിട്ടുള്ള വൈദ്യുതി ബസുകളുടെ സേവനം ആ ആവശ്യത്തിന് തന്നെ ഉപയുക്തമാകുന്നു എന്നത് നഗരസഭ ഉറപ്പ് വരുത്തും.“
നഗരവാസികളുടെ ആവശ്യത്തിനായി മാത്രം നഗരസഭയുടെ ബസുകൾ ഉപയോഗിക്കും എന്ന് മുൻ മേയർ ആര്യ രാജേന്ദ്രൻ പറയുന്നതിന്റെ വ്യക്തമായ തെളിവാണിത്. ഇതിനപ്പുറം പുതിയ മേയർ വിവി രാജേഷ് ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് ചോദ്യമുയരുന്നത്. കെബി ഗണേഷ് കുമാറിന്റെ മറുപടിക്ക് ആര്യയുടെ പോസ്റ്റ് ഉപയോഗിച്ച് തിരിച്ചടി കൊടുക്കുകയാണ് ബിജെപി പ്രവർത്തകർ.അതേസമയം മേയർ സ്ഥാനം പോയിട്ടും ആര്യയെക്കൊണ്ടുള്ള ശല്യം അവസാനിച്ചില്ലല്ലോ പറയാതെ പറയുകയാണ് ഇടത് അനുകൂല സൈബർ സംഘം.













Discussion about this post