ആശിഷ് നെഹ്‌റയും സാങ്കേതികവിദ്യയും തമ്മിലുള്ള “അകലം” ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കിടയിൽ ഏറ്റവും വലിയ തമാശകളിൽ ഒന്നാണ്. നെഹ്‌റ ഇന്ത്യൻ ടീമിൽ സജീവമായിരുന്ന 2016-17 കാലഘട്ടത്തിലാണ് ഈ കഥകൾ പുറത്തുവരുന്നത്. ഒരു പ്രസ് കോൺഫറൻസിനിടെ സോഷ്യൽ മീഡിയയെക്കുറിച്ചുള്ള ചോദ്യത്തിന് നെഹ്‌റ നൽകിയ മറുപടി വൈറലായിരുന്നു. “നിങ്ങൾ തെറ്റായ ആളോടാണ് ചോദിക്കുന്നത്. എനിക്ക് സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകളില്ല. ഞാൻ ഇപ്പോഴും പഴയ നോക്കിയ ഫോൺ ഉപയോഗിക്കുന്ന ആളാണ്. സ്മാർട്ട്‌ഫോണിലെ പല കാര്യങ്ങളും എനിക്ക് ഇപ്പോഴും അറിയില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പഴയ കാലത്ത് ജീവിക്കുന്ന ആൾ എന്നും പറഞ്ഞ് കോഹ്‌ലി ഉൾപ്പടെ ഉള്ള സഹതാരങ്ങൾ അദ്ദേഹത്തെ കളിയാക്കുമായിരുന്നു. സ്മാർട്ട് ഫോൺ മേടിച്ച ശേഷമുള്ള നെഹ്റയുടെ ഒരു പ്രവർത്തിയെക്കുറിച്ച് കോഹ്‌ലി ഇങ്ങനെ പറഞ്ഞു “ഞങ്ങൾ ടീം അംഗങ്ങൾക്കായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. എല്ലാവരും അതിൽ സജീവമായിരുന്നു. എന്നാൽ നെഹ്‌റ പാജിക്ക് ഇതിലൊന്നും താല്പര്യമില്ല. അദ്ദേഹത്തിന് എന്തെങ്കിലും മെസ്സേജ് അയച്ചാൽ അത് കണ്ടോ എന്ന് പോലും അറിയില്ല. ഒടുവിൽ അദ്ദേഹത്തെ വിളിക്കുക തന്നെ വേണം.”
വിരമിച്ച ശേഷം ഇപ്പോൾ ഗുജറാത്ത് ടൈറ്റൻസിന്റെ ഹെഡ് കോച്ചാണ് നെഹ്‌റ. ഐപിഎൽ ലേലത്തിനിടയിലും മത്സരങ്ങൾക്കിടയിലും മറ്റ് ടീമിലെ കോച്ചുമാരും അനലിസ്റ്റുകളും വലിയ ലാപ്ടോപ്പുകളും ടാബ്‌ലെറ്റുകളുമായി ഇരിക്കുമ്പോൾ, നെഹ്‌റയുടെ കയ്യിൽ കാണാറുള്ളത് വെറുമൊരു പേപ്പറും പേനയുമാണ്. ഡാറ്റ അനലിറ്റിക്സിനേക്കാൾ തന്റെ അനുഭവപരിചയത്തിലും നിരീക്ഷണത്തിലും അദ്ദേഹം വിശ്വസിക്കുന്നു.
ഇത് കണ്ടിട്ട് സോഷ്യൽ മീഡിയയിൽ വന്ന വലിയൊരു തഗ്ഗായിരുന്നു: “ലോകം ചാറ്റ് ജിപിടി ഉപയോഗിക്കുമ്പോൾ നെഹ്‌റ ഇപ്പോഴും പേപ്പറിൽ കണക്കെഴുതി ടീമിനെ ജയിപ്പിക്കുന്നു” എന്നത്. ഗുജറാത്തിനെ ഒരു സീസണിൽ കിരീടം ജയിപ്പിക്കാനും മറ്റൊരു സീസണിൽ ഫൈനൽ വരെയെത്തിക്കാനും അദ്ദേഹത്തിന്റെ ഈ പെൻ- പേപ്പർ വിദ്യ കൊണ്ട് സാധിച്ചിരുന്നു.












Discussion about this post