2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരവും യുവരാജ് സിംഗിന്റെ പിതാവുമായ യോഗ്‌രാജ് സിംഗ്. വൈസ് ക്യാപ്റ്റനായിരുന്ന ഒരു താരത്തെ 4-5 ഇന്നിംഗ്‌സുകളിലെ മോശം പ്രകടനത്തിന്റെ പേരിൽ പുറത്താക്കിയത് നീതിയല്ലെന്ന് അദ്ദേഹം ആരോപിച്ചു.
കുറച്ച് കാലം മുമ്പ് മാത്രം ടീമിന്റെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ച താരത്തെ പെട്ടെന്ന് ഒഴിവാക്കിയ സെലക്ടർമാരുടെ നടപടിയെ യോഗ്‌രാജ് ചോദ്യം ചെയ്തു. “ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനാണ്. അദ്ദേഹത്തെ പുറത്താക്കാനുള്ള കാരണമെന്താണ്? വെറും 4-5 ഇന്നിംഗ്‌സുകളിൽ പരാജയപ്പെട്ടതുകൊണ്ടോ?” എന്ന് അദ്ദേഹം ചോദിച്ചു. 100 മത്സരങ്ങളിൽ 10 എണ്ണത്തിൽ മാത്രം തിളങ്ങിയ പല താരങ്ങൾക്കും ഇന്ത്യൻ ടീമിൽ അമിത പരിഗണന ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തന്റെ പതിവ് ശൈലിയിൽ മുൻ ക്യാപ്റ്റൻ കപിൽ ദേവിനെ ഈ വിവാദത്തിലേക്കും യോഗ്‌രാജ് വലിച്ചിഴച്ചു. കപിൽ ദേവ് ബാറ്റിംഗിലും ബൗളിംഗിലും പരാജയപ്പെട്ടിരുന്ന സമയത്ത് ബിഷൻ സിംഗ് ബേദി അദ്ദേഹത്തിന് അമിത പിന്തുണ നൽകിയിരുന്നുവെന്നും, അത്തരം ക്ഷമയും പിന്തുണയും ഗില്ലിന്റെ കാര്യത്തിൽ സെലക്ടർമാർ കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുവതാരമായ അഭിഷേക് ശർമ്മയെയും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
അതേസമയം കഴിഞ്ഞ 15 ടി20 മത്സരങ്ങളിൽ നിന്ന് 24.25 ശരാശരിയിൽ 291 റൺസ് മാത്രമാണ് ഗില്ലിന് നേടാനായത്. സഞ്ജു സാംസൺ, അഭിഷേക് ശർമ്മ എന്നിവർക്ക് പകരം ഓപ്പണറായി എത്തിയ ഗില്ലിന് ആ അവസരം മുതലാക്കാൻ കഴിഞ്ഞിരുന്നില്ല. ടീം ബാലൻസ് കണക്കിലെടുത്താണ് ഗില്ലിനെ ഒഴിവാക്കിയതെന്നാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ നൽകിയ വിശദീകരണം..












Discussion about this post