ലോകം ഉറ്റുനോക്കുന്ന ബഹിരാകാശ ശക്തിയായി ഇന്ത്യ മാറുന്ന കാഴ്ചയ്ക്കാണ് 2026 സാക്ഷ്യം വഹിക്കാൻ പോകുന്നത്. വെറുമൊരു പങ്കാളി എന്നതിലുപരി, ആഗോള ബഹിരാകാശ മത്സരത്തിന്റെ ഗതി നിർണ്ണയിക്കുന്ന ശക്തിയായി ഐഎസ്ആർഒ മാറിയിരിക്കുന്നു. വരാനിരിക്കുന്ന വർഷം ഇന്ത്യയുടെ ആത്മനിർഭർ ഭാരത് ദർശനത്തിന്റെയും ശാസ്ത്രീയ മികവിന്റെയും വിളംബരമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ വ്യക്തമാക്കി.
പ്രധാന ദൗത്യങ്ങൾ ഒറ്റനോട്ടത്തിൽ:
ജനുവരി 2026: PSLV-C62 (തന്ത്രപരമായ കണ്ണുകൾ): വർഷത്തിന്റെ തുടക്കത്തിൽ തന്നെ അതിർത്തി സുരക്ഷയ്ക്കും ദുരന്തനിവാരണത്തിനുമായി അത്യാധുനിക ഹൈപ്പർസ്പെക്ട്രൽ ഇമേജിംഗ് ഉപഗ്രഹമായ EOS-N1 ഭ്രമണപഥത്തിലെത്തും. ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ ‘തന്ത്രപരമായ കണ്ണ്’ ആയിരിക്കും ഇത്.
ഫെബ്രുവരി 2026: PSLV-N1 (വ്യവസായ വിപ്ലവം): ആദ്യമായി ഒരു ഇന്ത്യൻ വ്യവസായ കൺസോർഷ്യം (HAL & L&T) പൂർണ്ണമായും നിർമ്മിച്ച പിഎസ്എൽവി റോക്കറ്റ് വിക്ഷേപിക്കും. സ്വകാര്യ മേഖലയെ ബഹിരാകാശ രംഗത്ത് കരുത്തരാക്കാനുള്ള മോദി സർക്കാരിന്റെ നയത്തിന്റെ വിജയമാണിത്.
മാർച്ച് 2026: ഗഗൻയാൻ G1 (വയോമിത്രയുടെ യാത്ര): ഭാരതത്തിന്റെ അഭിമാനമായ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ. ‘വയോമിത്ര’ എന്ന വനിതാ ഹ്യൂമനോയിഡ് റോബോട്ടുമായി വിക്ഷേപണ വാഹനം ബഹിരാകാശത്തേക്ക് കുതിക്കും. മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായുള്ള നിർണ്ണായക സുരക്ഷാ പരിശോധനയാണിത്.
മാർച്ച് 2026: TDS-01 (ഇലക്ട്രിക് റെവല്യൂഷൻ): ഉപഗ്രഹങ്ങളിലെ ഇന്ധനഭാരം 90 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്ന ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റം ഈ ദൗത്യത്തിലൂടെ പരീക്ഷിക്കും. ഇത് ഉപഗ്രഹങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുകയും വിക്ഷേപണ ചെലവ് കുറയ്ക്കുകയും ചെയ്യും.2026 പകുതിയോടെ: GSLV-F17: ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷൻ സംവിധാനത്തെ (NavIC) ശക്തിപ്പെടുത്തുന്ന NVS-03 ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കും.
ഭാരതം ഇന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. 2030-ഓടെ മൂന്നാം സ്ഥാനത്തെത്താനുള്ള കുതിപ്പിൽ ബഹിരാകാശ സാങ്കേതികവിദ്യയ്ക്ക് വലിയ പങ്കുണ്ട്. സ്കൈറൂട്ട് എയ്‌റോസ്‌പേസ്പോലുള്ള സ്വകാര്യ സ്റ്റാർട്ടപ്പുകൾ ഐഎസ്ആർഒയുടെ തണലിൽ വളരുന്നത് ഇന്ത്യയെ ലോകത്തിന്റെ ‘ലോഞ്ച് ഹബ്ബ്’ ആക്കി മാറ്റുകയാണ്.
“ഗഗൻയാൻ ദൗത്യം കേവലം ഒരു പരീക്ഷണമല്ല, മറിച്ച് ലോകത്തെ എലൈറ്റ് ബഹിരാകാശ രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്ന പ്രഖ്യാപനമാണ്,” എന്ന് ഡോ. വി. നാരായണൻ പറഞ്ഞു. സയൻസ് ഫിക്ഷൻ നോവലുകളെ വെല്ലുന്ന രീതിയിൽ ഐഎസ്ആർഒ തയ്യാറാക്കിയ ഈ റോഡ്മാപ്പ് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നേട്ടമാണ്.












Discussion about this post