ഐപിഎൽ 2026-ന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 9.20 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ നിർദ്ദേശം നൽകി. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളും ഇന്ത്യയുമായുള്ള രാഷ്ട്രീയ ബന്ധങ്ങളിലെ വിള്ളലുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ.
ഡിസംബർ 16-ന് അബുദാബിയിൽ നടന്ന മിനി ലേലത്തിലാണ് മുസ്തഫിസുറിനെ കെകെആർ 9.20 കോടി രൂപയ്ക്ക് വാങ്ങിയത്. ചെന്നൈ സൂപ്പർ കിംഗ്‌സുമായി നടന്ന കടുത്ത ലേലം വിളിക്കൊടുവിലാണ് കെകെആർ ഈ ഇടംകൈയ്യൻ പേസറെ സ്വന്തമാക്കിയത്. എന്നാൽ ബംഗ്ലാദേശിലെ നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് താരത്തെ സ്ക്വാഡിൽ നിന്ന് ഉടൻ ഒഴിവാക്കാൻ ബിസിസിഐ സെക്രട്ടറി ദേവാജിത് സൈക കെകെആറിനോട് ആവശ്യപ്പെട്ടു.
ബംഗ്ലാദേശിലെ സംഭവവികാസങ്ങളെത്തുടർന്ന് പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാക്കൾ മുസ്തഫിസുർ ഈഡൻ ഗാർഡൻസിൽ കളിക്കുന്നതിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചത് വാർത്തയായിരുന്നു. കെകെആർ ഉടമ ഷാരൂഖ് ഖാനെതിരെയും സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു. താരം ഐപിഎല്ലിൽ കളിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിലയിരുത്തപ്പെട്ടു.
മുസ്തഫിസുറിനെ ഒഴിവാക്കുന്നതിന് പകരമായി മറ്റൊരു താരത്തെ തിരഞ്ഞെടുക്കാൻ കെകെആറിന് ബിസിസിഐ അനുമതി നൽകിയിട്ടുണ്ട്.













Discussion about this post