2005-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും വലിയ മാസ് ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ‘നരൻ’. മോഹൻലാൽ തന്റെ കരിയറിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളിൽ ഒന്നായ മുള്ളൻകൊല്ലി വേലായുധനെ അവതരിപ്പിച്ചത് ഈ സിനിമയിലാണ്. മുള്ളൻകൊല്ലി എന്ന കൊച്ച് ഗ്രാമവും അവിടെ ഒഴുകുന്ന പുഴയും ആ പുഴയിലെ മലവെള്ളപ്പാച്ചിലുമാണ് സിനിമയുടെ പശ്ചാത്തലം. ഗ്രാമത്തിലെ “ചട്ടമ്പി” എന്ന് മുദ്രകുത്തപ്പെട്ടവനാണെങ്കിലും, ഗ്രാമത്തിലുള്ളവരുടെ രക്ഷകൻ വേലായുധനാണ്. നിയമം കയ്യിലെടുക്കുന്നത് ആരാണെങ്കിലും അയാളുടെ വിധിയെഴുതുന്നത് വേലായുധൻ ആണെന്നാണ് നാട്ടിലെ ഒരു നീതി.
വേലായുധനോട് നേർക്കുനേർ മുട്ടാനുള്ള ചങ്കുറപ്പ് ഇല്ലെങ്കിലും അയാളെ പ്രധാന ശത്രുവായി കാണുന്നത് നാട്ടിലെ പ്രമാണിയായ ചെറിയ നമ്പ്യാരാണ്. എന്നാൽ പിതൃതുല്യനായ വലിയ നമ്പിയാരോടുള്ള സ്നേഹവും അയാളുടെ മകളുടെ കഴുത്തിൽ താലികെട്ടി എന്ന പരിഗണന കൊണ്ടും വേലായുധൻ ചെറിയ നമ്പ്യാരെ വെറുതെ വിടുന്നു. അതിനിടയിൽ വേലായുധൻ പല പ്രതിസന്ധികളും നേരിടുകയും അവസാനം അതിനെ എല്ലാം തരണം ചെയ്യുകയും ചെയ്യുന്നു. വളരെ സിമ്പിളായ ഒരു പ്ലോട്ടിനെ അവതരിപ്പിച്ച രീതി കൊണ്ടും അഭിനയ മികവ് കൊണ്ടുമാണ് നരൻ ക്ലാസ്സിക്കയത് എന്ന് പറയാം.
മോഹൻലാൽ തന്റെ കരിയറിൽ അനേകം മാസ് റോളുകൾ ചെയ്തിട്ടുണ്ടെങ്കിലും വേലായുധൻ പലരുടെയും പ്രിയപ്പെട്ടത് ആണ്. എന്താണ് വേലായുധൻ എന്ന കഥാത്രത്തിനെ ആളുകൾ ഇത്രയധികം ഇഷ്ടപ്പെടാൻ കാരണം?
മാസ് റോളുകൾ ചെയ്യുമ്പോൾ നായകന്റെ കൂടെ നിന്ന് അടിയുണ്ടാകുമ്പോൾ അയാളെ സഹായിക്കാൻ വരുന്ന ഒരു ഗാങ്ങോ സ്വന്തമായി ഒരു സൈന്യമോ ഉള്ള ആൾ അല്ല വേലായുധൻ. അയാളെ സ്നേഹിക്കുന്ന മനുഷ്യർ ആരും കരുത്തരല്ല, പാവപെട്ടവരാണ്. എന്നെങ്കിലുമൊക്കെ അയാളുടെ സഹായം അനുഭവിച്ചവരാണ്. വള്ളക്കാരൻ അഹമ്മദിക്ക, വിജീഷ് അവതരിപ്പിക്കുന്ന വാസുക്കുട്ടൻ, അയാളുടെ സഹായം കൊണ്ട് കഴിഞ്ഞുപോകുന്ന ഇന്നസെന്റ് അവതരിപ്പിച്ച കേളപ്പൻ, എന്നോ വഴിപിഴച്ചുപോയ കുന്നുമ്മേൽ ശാന്ത, തുടങ്ങി അയാളെ സ്നേഹിക്കുന്ന ആളുകൾ ഉണ്ടെങ്കിലും അയാളെ അത്ര വലിയ മതിപ്പില്ലാത്ത ആളുകളാണ് കൂടുതലും.
നാട്ടിലെ ഹോട്ടലിന് തമിഴ് ബോർഡ് വെക്കുമ്പോൾ അയാളത് മാറ്റാൻ ആവശ്യപെടുന്നുണ്ട്. ഇവിടെ വരുന്ന തമിഴന്മാരെ അവിടെ നിന്ന് അടിച്ചോടിച്ചവരാണ് എന്നും അതിനാൽ തന്നെ അത്തരത്തിൽ ഒരു ബോർഡ് വെച്ച് അവരെ ആകർഷിക്കേണ്ട എന്നുമാണ് വേലായുധന്റെ നിലപാട്. ഇത് ഹോട്ടൽ ഉടമക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ചീഞ്ഞ മീനുമായി വരുന്ന കുഞ്ഞമ്പുവിനെ ഈ നാട്ടിലെ കുഞ്ഞുങ്ങൾ ഇങ്ങനെ ഉള്ള മോശം സാധനങ്ങൾ കഴിക്കേണ്ട എന്ന് പറഞ്ഞാണ് വേലായുധൻ ഓടിക്കുന്നത്. അയാൾക്കും വേലായുധൻ ശത്രുവാണ്. നാട്ടുകാർ എല്ലാം കൂടി പിരിവെടുത്ത് ഉത്സവത്തിന് വേലായുധനെ തല്ലാൻ പുറത്തുനിന്ന് ആളെ കൊണ്ടുവരുന്നതും വേലായുധന്റെ ശല്യം സഹിക്കാതെയാണ്. ആ വരുന്ന ആളുകളെ മുഴുവൻ അടിച്ചോടിച്ചിട്ടും തന്നെ തളിക്കാൻ കാശിറക്കിയ നാട്ടുകാരോട് അയാൾക്ക് ബുദ്ധിമുട്ടില്ല, അവരോട് ആ പേരിൽ അയാൾ ഒരു വർത്തമാനം പോലും പറയുന്നില്ല, സിനിമയിൽ വേലായുധന്റെ കഥാപാത്രം എങ്ങനെയാണെന്ന് വള്ളക്കാരൻ അഹമ്മദിക്ക പറയുന്നുണ്ട് : വേലായുധൻ ശരിക്കുമൊരു സാധുവാണ്, പൊട്ടനാണെന്ന്…
വഴിപിഴച്ചുപോയ കുന്നുമ്മൽ ശാന്ത എന്ന സോനാ നായർ അവതരിപ്പിച്ച കഥാപാത്രത്തെ നന്നാക്കാനാണ് വേലായുധൻ അവളുടെ വീടിന്റെ പുറത്ത് കാവൽ കിടക്കുന്നത്. ശാന്തക്ക് വേലായുധനുമായി ഒരു ബന്ധത്തിന് താത്പര്യം ആയിരുന്നെങ്കിൽ പോലും അയാൾ അവളെ ആ കണ്ണിൽ അല്ല കാണുന്നത്. നാട്ടുകാർക്ക് മുന്നിൽ വേലായുധന്റെ ഈ വീട്ടിലെ കാവൽ കിടപ്പ് മോശമായ പല അനുമാനങ്ങൾക്കും കാരണമാകുന്നു എന്നതുകൊണ്ടാണ് വലിയ നമ്പ്യാർ ഇടപെട്ട് അയാളെ അവിടെ നിന്ന് മാറ്റുന്നത്. വേലായുധൻ കാരണം മകളുടെ കല്യാണം മുടങ്ങി എന്ന് പറഞ്ഞ് കേളപ്പേട്ടൻ പോലും വേലായുധനെ തള്ളിപ്പറയുന്നുണ്ട്. താൻ ഏറെ സ്നേഹിക്കുന്ന ആളുകൾ വരെ തള്ളിപറഞ്ഞിട്ടും വേലായുധന് അവരോട് സ്നേഹം മാത്രമാണ്.
തല്ലും അടിയും നിർത്താൻ വേലായുധനെ കൊണ്ട് വലിയ നമ്പ്യാർ സത്യം ചെയ്യിക്കുന്ന സീനുണ്ട്. കേളപ്പേട്ടന്റെ മകളെ വിവാഹം കഴിച്ചുനൽകാൻ ഗുണ്ടായിസം ഒഴിവാക്കിയാൽ അവർ സമ്മതിക്കും എന്ന് പറഞ്ഞ ആ പ്രവർത്തി വേലായുധന് മാത്രമല്ല മുള്ളൻകൊല്ലി ഗ്രാമത്തിന് മുഴുവൻ പിന്നെ ബുദ്ധിമുട്ടാകുന്നു. സത്യമിട്ടതിനാൽ ആരെയും തല്ലാത്ത വേലായുധനെ ആരൊക്കെയോ ചേർന്ന് ഉപദ്രവിക്കുന്നു. വേലായുധന് കിടന്ന് പോയതോടെ ആ ഗ്രാമത്തിൽ ശല്യങ്ങൾ കൂടുന്നു. ഹോട്ടലിൽ അലമ്പ് നടക്കുന്നു, രാത്രിയിലെ പെണ്ണുങ്ങളെ കമന്റ് അടിക്കുന്നവരുടെ എണ്ണം വർധിക്കുന്നു, ഇതോടെ ഗ്രാമം അയാളുടെ വില മനസിലാകുന്നു. തങ്ങളിൽ ശല്യമെന്ന തോന്നിച്ച വേലായുധന്റെ പ്രവർത്തികൾ ശരിക്കും അവരുടെ നന്മക്ക് വേണ്ടിയായിരുന്നു എന്ന സത്യം.
ഗ്രാമത്തിൽ വേലായുധന്റെ എല്ലാമെല്ലാമായ വലിയ നമ്പ്യാർ മരിച്ചു കഴിഞ്ഞ് ഒരു സീനുണ്ട്. അത് ഒന്ന് കൂടി നോക്കിയാൽ മേൽപ്പറഞ്ഞ കാര്യം നിങ്ങൾക്ക് മനസിലാകും. വലിയ നമ്പരുടെ ശവശരീരം കാണാൻ വരുന്ന വേലായുധൻ അവിടെ നിന്നും മടങ്ങുമ്പോൾ മുമ്പ് അയാളെ ഉപദ്രവിച്ച ഹംസ വീണ്ടും അയാളെ വെല്ലുവിളിക്കുന്നു ” നിനക്ക് വീണ്ടും നേരെ നിൽക്കാൻ പറ്റുമ്പോൾ പറയണം, നമുക്ക് ഒന്ന് കൂടി ഒന്ന് മുട്ടാമെന്ന്.” ഒടിഞ്ഞ് നുറുങ്ങിയ കയ്യും ഊന്ന് വടിയില്ലാതെ നടക്കാൻ പോലും കഴിയാത്ത മനസ്സുകൊണ്ടും ശരീരം കൊണ്ടും തകർന്ന് തരിപ്പണമായ വേലായുധൻ അപ്പോൾ അടിക്കുന്ന ഡയലോഗ് ഇങ്ങനെയാണ് “വേലായുധനെ നേരെ നിന്ന് അടിക്കാനുള്ള ചങ്കുറപ്പ് ആയിട്ടുണ്ടേ ഇപ്പൊ അടിക്കെടാ” ഇത് പറയുന്ന നിമിഷം പുറകിൽ നിൽക്കുന്ന നാട്ടുകാരുടെ മുഖഭാവം, ആ രോമാഞ്ചം തോന്നിയ അനുഭവമാണ് നമുക്കും കിട്ടുക.
തങ്ങളുടെ രക്ഷകൻ തിരിച്ചുവന്നതിന്റെ സൂചന കിട്ടിയതോടെ പിന്നെ ഗ്രാമം മുഴുവൻ അയാൾക്കൊപ്പമാണ്. അതുവരെ അനീതികൾ ചെയ്ത കൊലപാതകങ്ങൾ നടത്തിയ ചെറിയ നമ്പ്യാരെ വേലായുധൻ കൊള്ളുമ്പോൾ ആ ഗ്രാമം മുഴുവൻ അയാളെ പിന്തുണക്കുന്നുണ്ട്. ഈ സിനിമയിലെ ഒരുപാട് കാര്യങ്ങൾ ഇഷ്ടമാണെങ്കിലും നാട്ടുകാർ അയാളെ മനസിലാക്കുന്ന ഭാഗത്തോടെ അൽപ്പം ഇഷ്ടം കൂടുതലാണ്…..













Discussion about this post