മലയാള ചലച്ചിത്ര സംഗീത ലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റെ ‘ഗന്ധർവ്വ തൂലിക’ ചലിപ്പിച്ച് നമ്മുടെ മനസ്സിൽ സ്ഥാനം നേടി കടന്നുപോയ കലാകാരനായിരുന്നു ഗിരീഷ് പുത്തഞ്ചേരി. പ്രണയമായാലും വിരഹമായാലും ഭക്തിയായാലും നാട്ടുപച്ചപ്പായാലും ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് പ്രത്യേകമായൊരു മാസ്മരികത ഉണ്ടായിരുന്നു.
വിദ്യാസാഗർ, രവീന്ദ്രൻ മാസ്റ്റർ, എം.ജി. രാധാകൃഷ്ണൻ തുടങ്ങിയ ഇതിഹാസ സംഗീത സംവിധായകർക്കൊപ്പം ചേർന്ന് മലയാളികൾ ഇന്നും മൂളിനടക്കുന്ന ഒട്ടനവധി നിത്യഹരിത ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനരചയിതാവ് എന്ന നിലക്കുള്ള എൻട്രി അപ്രതീക്ഷിതമായിരുന്നു. സിദ്ധിഖിന്റെ അമൃത ടിവിയിലെ സമാഗമം പരിപാടിയിൽ അതിഥിയായി വന്നപ്പോൾ ഗിരീഷ് താൻ എങ്ങനെയാണ് ഈ ഫീൽഡിലേക്ക് വന്നതെന്ന് സംസാരിച്ചു.
” ഞാൻ ആദ്യം ആഗ്രഹിച്ചത് യേശുദാസകനായിരുന്നു. ഒഎൻവി സർ എഴുതിയ ” മന്ദാകിനി ഗാനമന്ദാകിനി” നിലാവിലേയ്ക്ക് കാമധേനുവിനെ കറന്നെടുക്കുന്നത് പോലെ യേശുദാസിൻ്റെ ശബ്ദം കേട്ടപ്പോൾ യേശുദാസാകാൻ ആഗ്രഹിച്ചു. എന്റെ നാട്ടിൽ റേഡിയോ ഇല്ല. അമ്മക്ക് കർണാടിക് സംഗീതമറിയാം, അച്ഛന് സംസ്കൃതമറിയാം. അപ്പോൾ ഇവരുടെ രണ്ട് പേരുടെയും ഭാഗത്ത് നിന്ന് കുറെ കാര്യങ്ങൾ ഞാൻ പഠിച്ചു. പക്ഷെ യേശുദാസാകാൻ പറ്റില്ല എന്ന് എനിക്ക് മനസിലായി, കാരണം അത് ബുദ്ധിമുട്ടുള്ള പണിയാണ്. എന്നാൽ വയലാറായാലോ എന്ന് വിചാരിച്ചു, പക്ഷെ അതും പറ്റിയില്ല.”
ഇത്രയും ഗിരീഷ് പറയുമ്പോൾ സിദ്ദിഖ് പറയുന്ന മറുപടി ഇങ്ങനെയാണ്,”പണ്ടത്തെ ഗാനങ്ങളെപ്പറ്റി നമ്മൾ പറയും, പണ്ട് നമുക്ക് അത്തരത്തിൽ ഓർമയിൽ തങ്ങി നിൽക്കുന്ന ഗാനങ്ങൾ സമ്മാനിച്ച ഒരുപാട് കവികൾ ഉണ്ടായിരുന്നു. എന്നാൽ ഈ തലമുറയിൽ ആകെ ഉള്ളത് ഗിരീഷ് മാത്രമാണ്. അതുകൊണ്ട് വയലാർ ആയില്ലെങ്കിലും ഗിരീഷാകാൻ പറ്റിയത് വലിയ ഭാഗ്യമല്ലേ.”
ഇതിൽ സിദ്ദിക്ക് പറഞ്ഞത് പോലെ ആറുമായിട്ടും താരതമ്യം ചെയ്യേണ്ടത് ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്ന, ശക്തി കൂടി കൂടി വരുന്ന പാട്ടുകളിലൂടെ അയാൾ ജീവിക്കുന്നു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിൽ ക്ഷയിച്ച ഇല്ലത്തേക്ക് വലതു കാൽ വച്ച് കേറുന്ന പെൺകുട്ടിയുടെ വലതുകാലിൽ ഷോട്ട് വെക്കുമ്പോൾ ആണ് പാട്ട് വേണ്ടതെന്ന് പറഞ്ഞ സംവിധായകൻ കമലിന് മുന്നിൽ
“പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ
പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്”
ഈ വരികൾ കൊണ്ട് എന്താണ് ഇല്ലത്തിന്റെ അവസ്ഥ എന്നും ഇനി എന്താകും അവിടെ വരാൻ പോകുന്ന മാറ്റങ്ങൾ എന്നും അദ്ദേഹം നമുക്ക് കാണിച്ചു തന്നു. ഇത് പോലെ രാവണപ്രഭുവിൽ ഭാര്യ മരിച്ചുകിടക്കുമ്പോൾ
“ഹൃദയത്തിൽ നിൻമൂക പ്രണയത്തിൻ ഭാവങ്ങൾ പഞ്ചാഗ്നി നാളമായ് എരിഞ്ഞിരുന്നു
തുടുവിരലിൻ തുമ്പാൽ നിൻ തിരുനെറ്റിയിലെന്നെ നീ
സിന്ദൂരരേണുവായണിഞ്ഞിരുന്നൂ”
തന്റെ 48 ആം വയസിൽ വിടപറയുമ്പോൾ പേനയും പേപ്പറും എടുത്തു വെച്ച് എഴുതിയ പാട്ടുകളിലൂടെ മലയാളത്തിലെ 51 അക്ഷരങ്ങളെയും ഇനിയുള്ള കാലം മുഴുവൻ പ്രണയിക്കാൻ വിട്ട് നമ്മളെയൊക്കെ സന്തോഷിപ്പിച്ചാണ് ആ ഗന്ധർവ്വൻ വിടപറഞ്ഞത്.













Discussion about this post