ന്യൂസിലൻഡിന്റെ വെടിക്കെട്ട് താരം ഗ്ലെൻ ഫിലിപ്‌സ് തന്റെ ബാറ്റിംഗിൽ പുതിയൊരു ‘ആയുധം’ കൂടി ചേർത്തിരിക്കുകയാണ്. വലത് കൈ ബാറ്ററായ ഫിലിപ്‌സ്, കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇടത് കൈകൊണ്ട് ബാറ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ എതിരാളികളെ കുഴപ്പിക്കാനുള്ള ന്യൂസിലൻഡിന്റെ രഹസ്യ നീക്കമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒട്ടാഗോയ്ക്ക് വേണ്ടി കളിക്കുമ്പോഴാണ് ഫിലിപ്‌സ് ഈ പരീക്ഷണം നടത്തിയത്. സ്പിന്നർമാർക്കെതിരെ പെട്ടെന്ന് ഇടത് കൈ ബാറ്ററുടെ സ്റ്റാൻസ് എടുത്ത താരം തകർപ്പൻ ഫോറുകളും സിക്സറുകളും പറത്തി കാണികളെയും കമന്റേറ്റർമാരെയും ഞെട്ടിച്ചു. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ലെന്നും കഴിഞ്ഞ രണ്ട് വർഷമായി താൻ നെറ്റ്സിൽ ഇടത് കൈകൊണ്ട് ബാറ്റ് ചെയ്യാൻ പരിശീലിക്കുന്നുണ്ടെന്നും ഫിലിപ്‌സ് വെളിപ്പെടുത്തി. ലോകകപ്പ് പോലെയുള്ള വലിയ വേദിയിൽ ഇത് പരീക്ഷിക്കാനാണ് തന്റെ പദ്ധതിയെന്ന് താരം പറഞ്ഞു.
ബാറ്റിംഗിൽ മാത്രമല്ല, തന്റെ തലച്ചോറിന്റെ രണ്ട് വശങ്ങളെയും ഒരേപോലെ സജീവമാക്കാൻ ഈ പരിശീലനം സഹായിക്കുന്നുണ്ടെന്ന് ഫിലിപ്‌സ് അഭിപ്രായപ്പെട്ടു. ഫെബ്രുവരിയിൽ ഇന്ത്യയിലെ സ്പിൻ പിച്ചുകളിൽ ലോകകപ്പ് നടക്കുമ്പോൾ, ഗ്ലെൻ ഫിലിപ്‌സിന്റെ ഈ വൈവിധ്യം ന്യൂസിലൻഡിന് വലിയ മുൻതൂക്കം നൽകുമെന്ന് മുൻ താരങ്ങൾ നിരീക്ഷിക്കുന്നു.













Discussion about this post