റിയാദ് : സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിലുള്ള സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. യെമൻ വിഷയത്തിലാണ് സൗദി അറേബ്യയും യുഎഇയും തമ്മിൽ സംഘർഷങ്ങൾ ഉടലെടുത്തിരിക്കുന്നത്. യെമൻ വിഘടനവാദി നേതാവ് ഐദരൂസ് അൽ-സുബൈദിയെ യുഎഇ അഭയം നൽകി ഒളിപ്പിച്ചിരിക്കുകയാണെന്നാണ് ഏറ്റവും പുതുതായി സൗദി ആരോപണമുന്നയിച്ചത്. യെമനിൽ നിന്നും പാലായനം ചെയ്ത ഐദരൂസ് അൽ-സുബൈദി നിലവിൽ അബുദാബിയിൽ ഉണ്ടെന്നാണ് സൗദി അറേബ്യ സൂചിപ്പിക്കുന്നത്.
സൗദിയുടെ നേതൃത്വത്തിൽ യെമനിൽ രാഷ്ട്രീയ ഒത്തുതീർപ്പിനും സൈനിക ഏകോപനത്തിനുമുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ യുഎഇ യെമനിലെ വിഘടനവാദികൾക്ക് സംരക്ഷണം ഒരുക്കുകയാണെന്ന് സൗദി ആരോപിച്ചു. യെമനിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി സർക്കാർ തിരയുന്ന നേതാവാണ് ഐദരൂസ് അൽ-സുബൈദി. യെമനെ തകർക്കാനും സായുധ കലാപം ഇളക്കിവിടാനും സുബൈദി ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. സുബൈദിക്ക് അഭയം നൽകിയ യുഎഇയുടെ നടപടി യെമന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണം മാത്രമല്ല, ഹൂത്തി വിമതർക്കെതിരെ രൂപീകരിച്ച സഖ്യത്തോടുള്ള നഗ്നമായ വഞ്ചന കൂടിയാണെന്നും സൗദി അറേബ്യ പറയുന്നു.
വർഷങ്ങളായി ആഭ്യന്തരയുദ്ധത്തിന്റെ രൂക്ഷമായ പ്രശ്നങ്ങൾ നേരിടുന്ന രാജ്യമാണ് യെമൻ. വടക്ക് ഭാഗത്ത് ഹൂത്തി വിമതരും, തെക്ക് ഭാഗത്ത് വിഘടനവാദ ഗ്രൂപ്പുകളും ചേർന്ന് നടത്തുന്ന ആക്രമണങ്ങളും സംഘർഷങ്ങളും രാജ്യം ഭരിക്കുന്ന സർക്കാരിന് കനത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്.
സൗദി അറേബ്യ യെമനെ ഒരൊറ്റ രാഷ്ട്രമായി കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, തെക്കൻ യെമനിൽ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്താനുള്ള തന്ത്രമാണ് യുഎഇ പിന്തുടരുന്നത്. പശ്ചിമേഷ്യ ഇതിനകം തന്നെ അക്രമത്തിന്റെയും അസ്ഥിരതയുടെയും കേന്ദ്രമായിരിക്കുന്ന യെമൻറെ പേരിൽ സൗദിയും യുഎഇയും തമ്മിൽ പരസ്യ സംഘർഷത്തിലേക്ക് നീങ്ങുന്നത് മധ്യപൂർവ ദേശത്താകെ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.











Discussion about this post