കമൽ സംവിധാനം ചെയ്ത ദിലീപ് – മഞ്ജു വാര്യർ കൂട്ടുകെട്ടിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഈ പുഴയും കടന്ന്. അമ്മയില്ലാത്ത മൂന്ന് പെൺകുട്ടികളുടെയും (അശ്വതി, ആരതി, അഞ്ജലി) അവരുടെ മുത്തശ്ശിയുടെയും ജീവിതമാണ് സിനിമയുടെ പശ്ചാത്തലം. മൂന്നാമത്തെ മകളായ അഞ്ജലിയും (മഞ്ജു വാര്യർ) അയൽവാസിയായ ഗോപിയും (ദിലീപ്) പ്രണയത്തിലാകുന്നു. എന്നാൽ തന്റെ രണ്ട് ചേച്ചിമാരുടെയും വിവാഹം കഴിഞ്ഞാൽ മാത്രമേ താൻ വിവാഹത്തിന് സമ്മതിക്കൂ എന്ന് അഞ്ജലി പറയുന്നു. അവരുടെ വിവാഹം നടത്താൻ ഗോപി നടത്തുന്ന ത്യാഗങ്ങളും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.
ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു. ജോൺസൻ – ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലെ പാട്ടുകൾ എല്ലാം ഇന്നും ജനമനസുകളിൽ നിൽക്കുന്നതാണ്. ഒരുപാട് സിനിമകൾ അതുവരെ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും കമൽ അതുവരെ ഗിരീഷിനെ പാട്ടെഴുതാൻ വിളിച്ചിരുന്നില്ല. ഗിരീഷ് ചിലപ്പോൾ ചില പദങ്ങളൊക്കെ അനാവശ്യമായി ഉപയോഗിക്കും എന്നതായിരുന്നു കമലിന്റെ പേടി. എന്തായാലും പാട്ടെഴുതാൻ അദ്ദേഹത്തെ വിളിച്ചു. ഗിരീഷിനെ സംബന്ധിച്ചും അയാൾ ഏറെ ആഗ്രഹിച്ചിരുന്നു കമലിനൊപ്പം വർക്ക് ചെയ്യാൻ, എന്തുകൊണ്ട് കമൽ തന്നെ വിളിക്കുന്നില്ല എന്ന സംശയം അയാൾക്കും ഉണ്ടായിരുന്നു. കിട്ടിയ അവസരം നന്നാക്കാൻ ഗിരീഷ് ഒരുങ്ങി തന്നെ കമലിന്റെ അടുത്തെത്തി.
ഈ ചിത്രത്തിലെ ” കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ” എന്ന പാട്ടിന്റെ പിറവിയെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞു:
” കമലിനെ പോലെ ഒരു സംവിധായകന്റെ കൂടെ വർക്ക് ചെയ്യണമെന്ന് ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. ആ അവസരം മുതലാക്കാൻ ഞാൻ തീരുമാനിച്ചു. ജോൺസൻ ഒരു ദിവസം രാത്രി മുറിയിൽ വന്നിട്ട് ഒരു ട്യൂൺ തന്നിട്ട് പോയി. കമൽ ആകട്ടെ ഞാൻ താമസിച്ച മുറി പുറത്ത് നിന്ന് പൂട്ടി, രാവിലെ കാണാമെന്ന് പറഞ്ഞ് പോയി. രാത്രിയിൽ ഒരു ചൈനീസ് കഥ മാതൃഭൂമിക്ക് വേണ്ടി മൊഴിമാറ്റം ചെയ്യപ്പെടാൻ ഉണ്ടായിരുന്നു. അന്ന് ഈരാളി എന്ന ഒരു നിർമ്മാതാവ് ഉണ്ടായിരുന്നു. അദ്ദേഹത്തെ വിളിച്ച് വരുത്തി താക്കോൽ വാങ്ങി ചൈനീസ് കഥ പരിഭാഷപ്പെടുത്തി. രാവിലെ ആറ് മണിക്ക് കമൽ ഗുഡ്മോർണിംഗ് എന്ന് പറഞ്ഞ് വരും. അഞ്ചരക്ക് ആണ് ഈ കഥ എഴുത്ത് തീർന്നത്. കമൽ വിളിച്ചപ്പോൾ ബാത്റൂമിലാണ് ഇപ്പോൾ വിളിക്കാം എന്ന് പറഞ്ഞു. പിന്നെ ജോൺസന്റെ ട്യൂണിൽ ഒറ്റ എഴുത്തായിരുന്നു ആ പാട്ടാണ് ” കാക്കക്കറുമ്പൻ”
കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിന് ശേഷം സുജാത പാടിയ സോളോ ഗാനം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ എല്ലാ പാട്ടുകളും സൂപ്പർഹിറ്റ് ആണ്..













Discussion about this post