2026 ടി20 ലോകകപ്പിൽ നിന്നുള്ള ബംഗ്ലാദേശിന്റെ പിന്മാറ്റത്തിന് പിന്നിൽ പാകിസ്ഥാന്റെ പ്രേരണയുണ്ടെന്ന് മുൻ ഇന്ത്യൻ താരം മദൻ ലാൽ. 1983-ലെ ലോകകപ്പ് നേടിയ ടീമിന്റെ അംഗമായ മദൻ ലാൽ, ഇന്ത്യയെ താഴ്ത്തിക്കെട്ടാൻ പാകിസ്ഥാൻ ബംഗ്ലാദേശിനെ കരുവാക്കുകയാണെന്ന് ആരോപിച്ചു.
ബംഗ്ലാദേശിന്റെ ബഹിഷ്കരണ തീരുമാനം അങ്ങേയറ്റം വിഡ്ഢിത്തമാണെന്ന് മദൻ ലാൽ അഭിപ്രായപ്പെട്ടു. ഈ തീരുമാനത്തിലൂടെ ഇന്ത്യയ്ക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും എന്നാൽ ബംഗ്ലാദേശിന് വലിയ സാമ്പത്തിക നഷ്ടവും കരിയർ നഷ്ടവും ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയെ തകർക്കാൻ പാകിസ്ഥാൻ ബംഗ്ലാദേശിനെ പ്രകോപിപ്പിക്കുകയാണ്. ബംഗ്ലാദേശിന്റെ ഈ നീക്കത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ കളി ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുംബൈയും കൊൽക്കത്തയുമാണ് ബംഗ്ലാദേശിന്റെ മത്സരങ്ങൾ നടക്കേണ്ടിയിരുന്ന വേദികൾ. മുംബൈ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണെന്നും അവിടെ സുരക്ഷാ ഭീഷണിയുണ്ടെന്ന വാദം നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ് ഉൾപ്പെട്ട ഗ്രൂപ്പ് സി-യിൽ ഇംഗ്ലണ്ട്, നേപ്പാൾ, ഇറ്റലി, വെസ്റ്റ് ഇൻഡീസ് എന്നിവരാണുള്ളത്. ബംഗ്ലാദേശ് പിന്മാറിയാൽ പകരം സ്കോട്ട്‌ലൻഡ് ടീമിനെ ഉൾപ്പെടുത്താനാണ് ഐസിസിയുടെ നീക്കം. ബംഗ്ലാദേശ് സർക്കാർ സുരക്ഷാ പ്രശ്നങ്ങൾ ആവർത്തിച്ചു പറയുമ്പോഴും ഐസിസി അതിനോട് യോജിക്കുന്നില്ല. ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഏഷ്യൻ രാജ്യങ്ങൾക്കിടയിലുണ്ടായ ഈ ഭിന്നത ക്രിക്കറ്റ് ലോകത്തെ ആശങ്കയിലാക്കുന്നുണ്ട്.













Discussion about this post