സിനിമയെ വെല്ലുന്ന ക്രൂരതകളിലൂടെ രാജ്യത്തെ നടുക്കിയ രണ്ട് കൊടുംകുറ്റവാളികൾ ഇന്ന് വിവാഹിതരാകുന്നു. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ മോഡൽ പ്രിയ സേത്തും, ഒരു കുടുംബത്തിലെ അഞ്ച് പേരെ വെട്ടിനുറുക്കിയ ഹനുമാൻ പ്രസാദുമാണ് ഇന്ന് രാജസ്ഥാനിലെ അൽവാറിൽ വെച്ച് വിവാഹിതരാകുന്നത്. വിവാഹത്തിനായി രാജസ്ഥാൻ ഹൈക്കോടതി ഇവർക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചിട്ടുണ്ട്.
ജയ്പൂരിലെ സാംഗനീർ ഓപ്പൺ ജയിലിൽ വെച്ച് ആറുമാസം മുമ്പാണ് ഇവർ പരിചയപ്പെട്ടത്. ഇവിടെ വെച്ചുണ്ടായ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇന്ന് അൽവാറിലെ ബറോഡമേവിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക.
രാജ്യത്തെ നടുക്കിയ ‘ടിൻഡർ കൊലപാതക’ കേസിലെ പ്രതിയാണ് മോഡലായിരുന്ന പ്രിയ സേത്ത്. 2018-ലാണ് ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശർമ്മ എന്ന യുവാവിനെ പ്രിയയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. ദുഷ്യന്ത് വലിയ സമ്പന്നനാണെന്ന് കരുതി തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ യുവാവിന്റെ പിതാവ് മൂന്ന് ലക്ഷം രൂപ നൽകിയെങ്കിലും, യുവാവിനെ പുറത്തുവിട്ടാൽ തങ്ങൾ പിടിക്കപ്പെടുമെന്ന് ഭയന്ന പ്രിയ, ദുഷ്യന്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്കേസിലാക്കി ആമർ കുന്നുകളിൽ ഉപേക്ഷിച്ചു. തിരിച്ചറിയാതിരിക്കാൻ യുവാവിന്റെ മുഖത്ത് കത്തികൊണ്ട് നിരവധി തവണ കുത്തി വികൃതമാക്കുകയും ചെയ്തു.
2017 ഒക്ടോബറിൽ അൽവാറിനെ നടുക്കിയ കൂട്ടക്കൊലപാതകത്തിലെ പ്രതിയാണ് ഹനുമാൻ പ്രസാദ്. തന്നെക്കാൾ 10 വയസ്സ് മൂത്ത കാമുകിയുടെ നിർദ്ദേശപ്രകാരമാണ് ഹനുമാൻ പ്രസാദ് സന്തോഷിന്റെ ഭർത്താവിനെയും മൂന്ന് മക്കളെയും അനന്തരവനെയും ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകിയുടെ ഭർത്താവിനെ കശാപ്പിന് ഉപയോഗിക്കുന്ന കത്തി കൊണ്ട് ആദ്യം കൊലപ്പെടുത്തി. ശബ്ദം കേട്ടുണർന്ന കുട്ടികൾ കൊലപാതകത്തിന് സാക്ഷികളായതോടെ, പിടിക്കപ്പെടുമെന്ന് ഭയന്ന കാമുകി, തന്റെ മക്കളെയും കൊല്ലാൻ ആവശ്യപ്പെടുകയായിരുന്നു. സ്വന്തം മക്കളെയടക്കം അഞ്ച് പേരെയാണ് അന്ന് ഇവർ കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ദുഷ്യന്ത് ശർമ്മയുടെ കുടുംബം പരോളിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിന് വലിയ ഭീഷണിയായ ഇത്തരം കുറ്റവാളികൾക്ക് പരോൾ നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് ഉയരുന്ന വിമർശനം.










Discussion about this post