ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ നാലാം പോരാട്ടം വിശാഖപട്ടണത്തെ സ്റ്റേഡിയത്തിൽ സമാപിച്ചപ്പോൾ ഗാലറി സങ്കടപ്പെട്ടത് ഇന്ത്യയുടെ തോൽവി കണ്ടായിരുന്നില്ല മറിച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ സഞ്ജുവിന്റെ മറ്റൊരു അതിദയനീയ പ്രകടനം കണ്ടായിരിന്നു. ടീം വലിയ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് നല്ല രീതിയിൽ കളിച്ചു വരികയായിരുന്ന സഞ്ജു ടീമിനെ രക്ഷിക്കും എന്നാണ് കരുതിയത്. എന്നാൽ സഞ്ജു സാംസൺ എന്ന ബാറ്ററുടെ കരിയറിലെ കറുത്ത ദിനങ്ങൾ തുടരുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. സഞ്ജുവിന്റെ ബാറ്റിംഗിലെ പ്രധാന പിഴവ് എന്താണെന്ന് ചൂണ്ടിക്കാട്ടി ഇതിഹാസ താരം സുനിൽ ഗവാസ്കർ രംഗത്തെത്തിയതോടെ ചർച്ചകൾ പുതിയ വഴിത്തിരിവിലായി.
216 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ അഭിഷേക് ശർമ്മയെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും നഷ്ടമായി. സമ്മർദ്ദത്തിന്റെ പാരമ്യത്തിൽ ക്രീസിലെത്തിയ സഞ്ജു, ഇത്തവണ താളം കണ്ടെത്തുമെന്ന് തോന്നിച്ച നിമിഷങ്ങളായിരുന്നു ആദ്യം. 15 പന്തിൽ നിന്ന് 24 റൺസെടുത്ത് സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലിയിൽ ചില ഷോട്ടുകൾ പായിച്ചു.
എന്നാൽ, പത്താം ഓവറിൽ മിച്ചൽ സാന്റ്നർ പന്തെറിയാൻ എത്തിയതോടെ കഥ മാറി. ക്രീസിൽ കാലുകൾ അനക്കാതെ, ലെഗ് സ്റ്റംപിന് പുറത്തേക്ക് നീങ്ങി ഓഫ് സൈഡിലേക്ക് ഷോട്ടിന് ശ്രമിച്ച സഞ്ജുവിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. സ്റ്റംപുകൾ തുറന്നുകാട്ടിയ സഞ്ജുവിനെ സാന്റ്നർ ക്ലീൻ ബൗൾഡാക്കി. ഇതോടെ പരമ്പരയിലെ സഞ്ജുവിന്റെ മറ്റൊരു ദയനീയ ഇന്നിംഗ്സിനും തിരശ്ശീല വീണു.
“എന്റെ ആദ്യത്തെ തോന്നൽ സഞ്ജുവിന് യാതൊരു ഫൂട്ട് വർക്കും ഇല്ലെന്നാണ്. വെറുതെ ഒരിടത്ത് നിന്ന് ഓഫ് സൈഡിലേക്ക് റൂമുണ്ടാക്കി അടിക്കാനാണ് അവൻ നോക്കുന്നത്. കാലുകൾ അനങ്ങുന്നില്ല എന്ന് മാത്രമല്ല, ലഗ് സ്റ്റംപിന് പുറത്തേക്ക് നീങ്ങി മൂന്ന് സ്റ്റംപുകളും ബൗളർക്ക് കാണിച്ചു കൊടുക്കുകയാണ് അവൻ ചെയ്യുന്നത്. ലക്ഷ്യം തെറ്റിക്കാതെ പന്തെറിയാൻ ബൗളർക്ക് ഇതൊരു എളുപ്പവഴിയായി മാറി.” – ഗവാസ്കർ കമന്ററി ബോക്സിൽ പറഞ്ഞു.
പരമ്പരയിൽ തുടർച്ചയായ നാലാം തവണയാണ് സഞ്ജു ഓപ്പണിംഗിൽ പരാജയപ്പെടുന്നത്. ഗവാസ്കർ ചൂണ്ടിക്കാട്ടിയതുപോലെ ബാറ്റിംഗിലെ സാങ്കേതികമായ പിഴവുകൾ തിരുത്തിയില്ലെങ്കിൽ ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ലോകകപ്പിൽ സഞ്ജുവിന്റെ സ്ഥാനം അപകടത്തിലാകും.











Discussion about this post