ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ ഓൾറൗണ്ടർ യുവരാജ് സിംഗ് തന്റെ വിരമിക്കലിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ടെന്നീസ് ഇതിഹാസം സാനിയ മിർസയുടെ പോഡ്കാസ്റ്റിലാണ് താരം മനസ്സ് തുറന്നത്. 2019 ജൂണിലാണ് യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
2011 ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട യുവരാജ്, 2019-ലെ ലോകകപ്പ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയത് കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കിയെന്ന് സൂചിപ്പിച്ചു. ക്രിക്കറ്റ് കളി താൻ ആസ്വദിക്കുന്നില്ല എന്ന തിരിച്ചറിവാണ് വിരമിക്കലിന് പ്രധാന കാരണമായത് എന്നാണ് യുവി പറഞ്ഞത്. “ഞാൻ എന്തിനാണ് ക്രിക്കറ്റ് കളിക്കുന്നത് എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു തുടങ്ങി” – യുവി പറഞ്ഞു.
“ടീം മാനേജ്‌മെന്റിൽ നിന്നും അർഹിക്കുന്ന പിന്തുണ കിട്ടിയില്ല. താൻ എന്തിനാണ് ഇനിയും ഇത് തുടരുന്നത് എന്ന ചോദ്യം തന്റെ മനസ്സിലുണ്ടായിരുന്നു. കരിയറിൽ എല്ലാ നേട്ടങ്ങളും കൈവരിച്ച തനിക്ക് ഇനി ആരെയും ഒന്നും തെളിയിക്കാനില്ലെന്ന് തോന്നി. ശാരീരികമായും മാനസികമായും ഇതിൽ കൂടുതൽ നൽകാനില്ലെന്ന് താൻ തിരിച്ചറിഞ്ഞ നിമിഷമാണ് വിരമിക്കൽ തീരുമാനമെടുത്തത്.”അദ്ദേഹം പറഞ്ഞു നിർത്തി.
ഇത് കൂടാതെ തന്റെ കൗമാരകാലത്തെ ഒരു പഴയ അനുഭവവും യുവരാജ് പോഡ്കാസ്റ്റിൽ പങ്കുവെച്ചു. മുൻ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ധു തന്നെക്കുറിച്ച് നടത്തിയ നിരാശാജനകമായ പരാമർശമായിരുന്നു അത്. തനിക്ക് 13-14 വയസ്സുള്ളപ്പോൾ തന്റെ കളി കണ്ട സിദ്ധു, യുവരാജിന് ക്രിക്കറ്റിൽ വലിയ ഭാവിയില്ലെന്ന് അച്ഛൻ യോഗ്‌രാജ് സിംഗിനോട് പറഞ്ഞിരുന്നു.
സിദ്ധുവിന്റെ ഈ വാക്കുകൾ തന്റെ അച്ഛൻ വളരെ വ്യക്തിപരമായാണ് എടുത്തത്. മകനെ ഒരു മികച്ച ക്രിക്കറ്ററാക്കി മാറ്റാൻ കഠിനമായി പരിശീലിപ്പിക്കാൻ യോഗ്‌രാജിനെ പ്രേരിപ്പിച്ചത് ഈ സംഭവമാണ്. എന്നാൽ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, അന്നത്തെ താൻ ഒരു ചെറിയ കുട്ടി മാത്രമായിരുന്നെന്നും സിദ്ധുവിന് തന്നെ പൂർണ്ണമായി നിരീക്ഷിക്കാൻ സമയം കിട്ടിക്കാണില്ലെന്നുമാണ് യുവരാജ് വിശ്വസിക്കുന്നത്.












Discussion about this post