വിശാഖപട്ടണത്ത് നടന്ന നാലാം ടി20-യിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് തന്ത്രങ്ങളെക്കുറിച്ച് വിലയിരുത്തലുമായി മുൻ നായകൻ അജിങ്ക്യ രഹാനെ. യുവ ഓപ്പണർ അഭിഷേക് ശർമ്മയെയും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെയും മുൻനിർത്തി രഹാനെ പങ്കുവെച്ച നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
216 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ആദ്യ പന്തിൽ തന്നെ അഭിഷേക് ശർമ്മയെ നഷ്ടമായിരുന്നു. ഇതിനെക്കുറിച്ച് ക്രിക്ബസിനോട് രഹാനെ പറഞ്ഞത് ഇങ്ങനെ
“അഭിഷേക് ശർമ്മ കളിക്കുന്നത് വലിയ റിസ്കുള്ള ഗെയിമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം ആദ്യ പന്തിൽ പുറത്താകാനുള്ള സാധ്യത എപ്പോഴും നിലനിൽക്കുന്നു. ലോകകപ്പിലും ഇത് സംഭവിച്ചേക്കാം. അത് മുൻകൂട്ടി കണ്ട് ബാക്കി ബാറ്റർമാർ തയ്യാറെടുക്കണം. അഭിഷേകിനെ മാത്രം ആശ്രയിച്ചല്ല ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് നിൽക്കുന്നത്.”
ഈ പരമ്പരയിൽ ഇത് രണ്ടാം തവണയാണ് അഭിഷേക് പൂജ്യത്തിന് പുറത്താകുന്നത്. എങ്കിലും 266.67 എന്ന വിസ്മയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിൽ 152 റൺസ് അദ്ദേഹം ഇതിനോടകം അടിച്ചുകൂട്ടിയിട്ടുണ്ട്. രണ്ട് റൺസ് മാത്രം എടുത്ത് പുറത്തായ ഹാർദിക് പാണ്ഡ്യയെക്കുറിച്ചും രഹാനെ ചില നിരീക്ഷണങ്ങൾ നടത്തി.
മത്സരത്തിൽ ഹാർദിക് പന്തെറിയാതിരുന്നത് അദ്ദേഹത്തിന്റെ ബാറ്റിംഗിലെ ആത്മവിശ്വാസത്തെ ബാധിച്ചേക്കാമെന്ന് രഹാനെ കരുതുന്നു. ബോളിംഗിൽ കൂടി സജീവമാകുമ്പോൾ ഹാർദിക്കിന്റെ ബോഡി ലാംഗ്വേജ് മറ്റൊന്നാണെന്നും രഹാനെ ചൂണ്ടിക്കാട്ടി.













Discussion about this post