ഐപിഎൽ 2026-ന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഇതിഹാസ നായകൻ എം.എസ്. ധോണി തന്റെ പരിശീലനത്തിൽ വലിയ മാറ്റങ്ങളുമായി തിരിച്ചെത്തുകയാണ്. കഴിഞ്ഞ സീസണിലെ അത്ര മികച്ചതല്ലാത്ത പ്രകടനം മറികടക്കാൻ ഇത്തവണ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങിയ ധോണി, ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ ഗ്രൗണ്ടിൽ കഠിന പ്രയത്നത്തിലാണ്.
സെപ്റ്റംബർ 2025 മുതൽ തന്നെ ധോണി ജിം പരിശീലനം ആരംഭിച്ചിരുന്നുവെങ്കിലും, കഴിഞ്ഞ ആഴ്ച മുതലാണ് നെറ്റ്‌സിൽ ബാറ്റിംഗ് പരിശീലനം തുടങ്ങിയത്. ഇതിനായി ജെ.എസ്.സി.എ കോംപ്ലക്സിൽ പ്രത്യേകം സജ്ജീകരിച്ച ഇൻഡോർ സൗകര്യമാണ് ധോണി ഉപയോഗിക്കുന്നത്.
ആദ്യം സ്പിന്നർമാരെ നേരിട്ടാണ് ധോണി പരിശീലനം തുടങ്ങിയത്. ഇപ്പോൾ പേസ് ബൗളർമാരെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഉച്ചയ്ക്ക് 12 മുതൽ 3 വരെയുള്ള കടുത്ത വെയിലിലാണ് ധോണിയുടെ ബാറ്റിംഗ് പരിശീലനം. ചെന്നൈയിലെ ചൂടും ഈർപ്പവുമുള്ള സാഹചര്യങ്ങളിൽ കളിക്കാനുള്ള ശാരീരികക്ഷമത നേടിയെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം. മുൻ ഇന്ത്യൻ താരം സൗരഭ് തിവാരിയാണ് ധോണിയെ പരിശീലനത്തിൽ സഹായിക്കുന്നത്. ജെ.എസ്.സി.എ ജോയിന്റ് സെക്രട്ടറി ഷഹബാസ് നദീമും ധോണിയുടെ ചിട്ടയായ പരിശീലനത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.
“റാഞ്ചിയിൽ ഉള്ളപ്പോഴെല്ലാം ധോണി ജെഎസ്‌സിഎയിൽ ജിം ചെയ്യാറുണ്ട്. കഴിഞ്ഞ ആഴ്ച മുതൽ അദ്ദേഹം നെറ്റ്സിൽ ബാറ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഓവൽ ബി ഗ്രൗണ്ടിനോട് ചേർന്ന് ഞങ്ങൾ ഒരു സുതാര്യമായ ഇൻഡോർ നെറ്റ് സൗകര്യം നിർമ്മിച്ചിട്ടുണ്ട്. മൂന്ന് ടർഫ് വിക്കറ്റുകൾ ഇതിലുണ്ട് – ഒന്ന് കറുത്ത മണ്ണിൽ നിർമ്മിച്ചതാണ്, ബാക്കിയുള്ള രണ്ടെണ്ണം മിശ്രിത മണ്ണിൽ നിർമ്മിച്ചതാണ്. ഉച്ചയ്ക്ക് 12-12:30 നും 2-2:30 നും ഇടയിൽ ധോണി അവിടെ പരിശീലനം നടത്തുന്നു,” ഷഹബാസ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഇത് കൂടാതെ ബാറ്റിംഗിൽ പഴയ വേഗത തിരിച്ചുപിടിക്കാൻ ബാറ്റിലും ചില മാറ്റങ്ങൾ ധോണി വരുത്തിയിട്ടുണ്ട്. സാധാരണയായി 1250-1300 ഗ്രാം ഭാരമുള്ള ബാറ്റുകളാണ് ധോണി ഉപയോഗിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ സീസൺ മുതൽ അത് 1230 ഗ്രാം ആയി കുറച്ചു. കഴിഞ്ഞ തവണ ബാറ്റിലെ മാറ്റം ഉദ്ദേശിച്ച ഫലം നൽകിയിരുന്നില്ല. എങ്കിലും 2026 സീസണിലും ഇതേ ഭാരത്തിലുള്ള ഭാരം കുറഞ്ഞ ബാറ്റുകൾ തന്നെ ഉപയോഗിക്കാനാണ് ധോണിയുടെ തീരുമാനം. ഇതിനായി ‘എസ്എസ്’ (Sareen Sports) പ്രത്യേക ബാറ്റുകൾ ധോണിക്ക് അയച്ചുകൊടുത്തു കഴിഞ്ഞു.












Discussion about this post