വിശാഖപട്ടണത്ത് നടന്ന നാലാം ടി20-യിൽ ന്യൂസിലൻഡിനോട് ഇന്ത്യ 50 റൺസിന് പരാജയപ്പെട്ടതിന് പിന്നാലെ, മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് ശൈലിയെ രൂക്ഷമായി വിമർശിച്ച് മുൻ താരം ആകാശ് ചോപ്ര. സഞ്ജുവിന്റെ ബാറ്റിംഗിലെ സാങ്കേതിക പിഴവുകൾ വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
പരമ്പരയിലെ നാലാം മത്സരത്തിൽ 216 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി 15 പന്തിൽ 24 റൺസെടുത്ത് സഞ്ജു പുറത്തായിരുന്നു. സഞ്ജുവിന്റെ പുറത്താകലിനെക്കുറിച്ച് ചോപ്ര പറയുന്നത് ഇങ്ങനെ: “പന്ത് വരുന്നതിന് മുൻപേ മുന്നോട്ട് നീങ്ങണോ അതോ ബാക്ക് ഫുട്ടിൽ കളിക്കണോ എന്ന് സഞ്ജു മുൻകൂട്ടി തീരുമാനിക്കുന്നു. ഇത് ബാറ്റിംഗിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്. പന്തിന്റെ ഗതി നോക്കി പ്രതികരിക്കുന്നതിന് പകരം ബോധപൂർവ്വം നീക്കങ്ങൾ നടത്തുന്നത് പരാജയത്തിന് കാരണമാകുന്നു.”
സഞ്ജു ബാക്ക് ഫുട്ടിലേക്ക് മാറുന്നത് കാണുമ്പോൾ ബൗളർമാർ പന്ത് ഫുൾ ലെങ്തിൽ എറിയുന്നു. അപ്പോൾ ഷോട്ട് കളിക്കാൻ കഴിയാതെ വെറുതെ ബാറ്റ് വെക്കേണ്ടി വരുന്നു. മിച്ചൽ സാന്റ്നറുടെ പന്തിൽ സഞ്ജു പുറത്തായതും ഇതേ പിഴവ് മൂലമാണ് എന്നും ചോപ്ര പറഞ്ഞു.
അതേസമയം വിശാഖപട്ടണത്തെ തോൽവിയോടെ പരമ്പരയിലെ സഞ്ജുവിന്റെ പ്രകടനം വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. 2026 ലോകകപ്പിനായുള്ള ടീമിൽ ഇഷാൻ കിഷനുമായിട്ടാണ് സഞ്ജു മത്സരിക്കുന്നത്. ഫിറ്റ്‌നസ് വീണ്ടെടുത്ത് ഇഷാൻ കിഷൻ തിരിച്ചെത്തിയാൽ, സഞ്ജുവിന്റെ സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന അവസാന ടി20-യിൽ സഞ്ജു പുറത്തിരിക്കേണ്ടി വരുമോ എന്നതാണ് ആരാധകരുടെ ഉത്കണ്ഠ.













Discussion about this post