ജോണി ആന്റണിയുടെ സംവിധാനത്തിൽ ഉദയകൃഷ്ണ – സിബി കെ. തോമസ് കൂട്ടുകെട്ട് തിരക്കഥ എഴുതി മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ കോമഡിയാണ് ‘തുറുപ്പുഗുലാൻ’ (2006). കൊച്ചിയിലെ ഒരു ചെറിയ തട്ടുകട നടത്തുന്ന കൊച്ചുതോമയുടെയും (ഇന്നസെന്റ്) മകൻ കുഞ്ഞുമോന്റെയും (മമ്മൂട്ടി) കഥയാണിത്.
ഒരു പ്രത്യേക സാഹചര്യത്തിൽ കോഴിക്കോട് എത്തുന്ന കുഞ്ഞുമോൻ പിന്നെ ഗുലാൻ എന്നപേരിൽ അറിയപ്പെടുകയും മാർക്കറ്റിലെ പ്രധാനിയായി വളരുകയും ചെയ്തു. ശേഷം ഏറെ പ്രിയപ്പെട്ട സമ്പന്നനായ ചന്ദ്രശേഖര മേനോനെ (ദേവൻ) ചതിച്ച് തടവിലാക്കിയ ശ്രീധരൻ ഉണ്ണിത്താനെയും (കലാശാല ബാബു) മക്കളെയും കുഞ്ഞുമോൻ തന്റെ ബുദ്ധിയും കരുത്തും ഉപയോഗിച്ച് നേരിടുന്നതാണ് സിനിമയുടെ ഇതിവൃത്തം.
സിനിമയിലെ സീനുകളെക്കുറിച്ചൊന്നും നിങ്ങൾക്ക് പറഞ്ഞ് തരേണ്ട ആവശ്യമില്ല എങ്കിലും മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രെക്കിങ് സീനുകളിൽ ഒന്ന് ഈ ചിത്രത്തിലുണ്ട്. സാധാരണ നായകന്മാർ വില്ലന്മാരെ അടിച്ച് ഇഞ്ചപരിമാക്കി മാസ് സ്റ്റൈലിൽ നടന്ന് പോകുന്നതാണ് മലയാള സിനിമയിലെ സ്ഥിരം രീതി. എന്നാൽ ഗുലാൻ വ്യത്യസ്തനാണ്. ഇടിച്ചോടിച്ച ഗുണ്ടകളെ മൈൻഡ് ചെയ്യാതെ പോകുന്നതിന് പകരം അവർക്ക് ആവശ്യമായ വൈദ്യസഹായം അയാൾ ഉറപ്പാക്കുന്നുണ്ട്.
ചിത്രത്തിൽ ഗുലാൻ തന്നെ ഒരു ബോട്ടിൽ വെച്ച് തല്ലാനെത്തുന്ന ആന്റണി ആശാനെയും ചേർത്തല രാഘവൻ ചേട്ടനെയും ചാമ്പ്യൻ ചന്തുവിനെയും രക്ഷിക്കാനായി മൂന്ന് മുങ്ങൽ വിദഗ്ദ്ധന്മാരെയും ഒരു ഫയർ എഞ്ചിനും ഒരു ആംബുലൻസും ഏർപ്പാടാക്കിയാണ് ഗുലാൻ അടിക്കുന്നത്. മലയത്തിൽ അന്ന് വരെ കണ്ട ഒരേ ശൈലിയിൽ ഉള്ള സ്റ്റൈലും അടിയും ഒകെ കണ്ടവർക്ക് മുന്നിൽ വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു ഗുലാൻ ശൈലി.












