ഇന്ന് നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യൻസ് – രാജസ്ഥാൻ റോയൽസ് പോരാട്ടത്തിൽ മുംബൈയുടെ പ്ലേയിംഗ് ഇലവനിൽ നിർണ്ണായക മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് ക്രിക്കറ്റ് നിരീക്ഷകൻ ആകാശ് ചോപ്ര. സ്പിൻ ബൗളിംഗിലും പേസ് നിരയിലും മാറ്റങ്ങൾ വരുത്തിക്കൊണ്ട് മാത്രമേ രാജസ്ഥാൻ്റെ കരുത്തുറ്റ ബാറ്റിംഗ് നിരയെ നേരിടാൻ മുംബൈയ്ക്ക് സാധിക്കൂ എന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
മിച്ചൽ സാൻ്റ്‌നറെക്കാൾ അള്ളാ ഗസൻഫറിനെ ടീമിലെത്തിക്കുന്നതിനെക്കുറിച്ചാണ് ചോപ്ര പ്രധാനമായും സംസാരിച്ചത്. “രാജസ്ഥാൻ്റെ മുൻനിരയിൽ രണ്ട് ഇടംകൈയ്യന്മാരുണ്ട് (യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി). പിന്നീട് ഹെറ്റ്‌മെയറും വരുന്നു. മിച്ചൽ സാൻ്റ്‌നർക്ക് ഇടംകൈയ്യന്മാർക്കെതിരെ പന്തെറിയാൻ ഒരു പ്രത്യേക ‘അലർജി’ തന്നെയുണ്ട്. ന്യൂസിലൻഡ് ക്യാപ്റ്റനായിരുന്നപ്പോൾ പോലും അദ്ദേഹം അത്തരത്തിൽ പന്തെറിയാൻ മടിച്ചിരുന്നു,” ചോപ്ര നിരീക്ഷിച്ചു.
ഇന്ത്യൻ സ്പിന്നർ മയാങ്ക് മാർക്കണ്ഡെ ഇതുവരെ ഫോം കണ്ടെത്താത്ത സാഹചര്യത്തിൽ മിസ്റ്ററി സ്പിന്നർ അള്ളാ ഗസൻഫറിനെ മുംബൈ തിരികെ വിളിച്ചേക്കും. പേസ് ബൗളിംഗ് നിരയിൽ ട്രെൻ്റ് ബോൾട്ട് തിരികെ എത്താൻ സാധ്യതയുണ്ടെന്ന് ചോപ്ര പറഞ്ഞു. ബോൾട്ടും ഹാർദിക് പാണ്ഡ്യയും പുതിയ പന്തിൽ ബൗളിംഗ് ഓപ്പൺ ചെയ്യുകയാണെങ്കിൽ ദീപക് ചഹാറിന് ടീമിൽ ഇടമുണ്ടാകില്ല. എന്നാൽ ഗൗഹാത്തിയിലെ സാഹചര്യത്തിൽ പന്തിന് സ്വിംഗ് ലഭിക്കാൻ സാധ്യതയുള്ളതിനാൽ ചഹാറിനെ നിലനിർത്തുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മത്സരത്തിൽ കളിച്ച കോർബിൻ ബോഷിന് പകരം ട്രെൻ്റ് ബോൾട്ട് ടീമിലെത്താനാണ് സാധ്യത കൂടുതൽ. ഗൗഹാത്തിയിൽ സ്പിന്നിനേക്കാൾ കൂടുതൽ പേസർമാർക്ക് അനുകൂലമായ സാഹചര്യമായിരിക്കും ഉണ്ടാവുകയെന്ന് ചോപ്ര ഓർമ്മിപ്പിച്ചു. മുൻപ് ചെന്നൈ ഇവിടെ കളിച്ചപ്പോൾ വെറും 127 റൺസിന് പുറത്തായ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ സ്വിംഗ് ബൗളർമാരെ മുംബൈ കൃത്യമായി ഉപയോഗിക്കേണ്ടതുണ്ട്.












