ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുൻപാകെ നിർണ്ണായക വാദങ്ങൾ സമർപ്പിച്ച് കേന്ദ്ര സർക്കാർ. കേരളത്തിലെ പ്രശസ്തമായ ആറ്റുകാൽ ദേവീക്ഷേത്രം, ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം, കൊറ്റൻകുളങ്ങര ദേവീക്ഷേത്രം എന്നിവിടങ്ങളിലെ ആചാരങ്ങളിൽ ലിംഗവിവേചനമില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി ഈ ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ ജുഡീഷ്യൽ പരിശോധനയുടെ പരിധിക്ക് പുറത്താണെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ലിഖിത വാദത്തിൽ വ്യക്തമാക്കി.
ശബരിമലയിലെ യുവതീപ്രവേശന വിലക്കിനെ ന്യായീകരിക്കുന്നതിന്റെ ഭാഗമായാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതര ക്ഷേത്രങ്ങളിലെ ആചാരങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ആറ്റുകാൽ പൊങ്കാല ദിവസം പുരുഷന്മാർക്ക് ക്ഷേത്രത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണം വിശ്വാസത്തിന്റെ ഭാഗമാണെന്നും അത് വിവേചനമല്ലെന്നും കേന്ദ്രം വാദിച്ചു. ചക്കുളത്തുകാവിലെ നാരീപൂജയിൽ പുരുഷ പൂജാരിമാർ സ്ത്രീകളുടെ കാൽ കഴുകി വന്ദിക്കുന്നതും സ്ത്രീകൾക്ക് മാത്രം അന്ന് പ്രവേശനം നൽകുന്നതും ലിംഗസമത്വത്തിന്റെ ഉന്നത മാതൃകയാണ്.
കൊറ്റൻകുളങ്ങരയിൽ പുരുഷന്മാർ സ്ത്രീവേഷം കെട്ടി ചമയവിളക്കേന്തുന്നതും ആചാരപരമായ പ്രത്യേകതയാണ്. ഹിന്ദുമതം സ്ത്രീകളെ തുല്യരായി കണക്കാക്കുക മാത്രമല്ല, പുരുഷന്മാരേക്കാൾ ഉയർന്ന തലത്തിൽ പ്രതിഷ്ഠിച്ചിരിക്കുകയുമാണ്. ലോകത്ത് പുരുഷന്മാർ സ്ത്രീകളുടെ കാൽക്കൽ തൊട്ട് വന്ദിക്കുന്ന ഏക മതം ഹിന്ദുമതമാണെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. കന്യാകുമാരി ക്ഷേത്രം, ആസാമിലെ കാമാഖ്യ, പുഷ്കറിലെ ബ്രഹ്മക്ഷേത്രം എന്നിവിടങ്ങളിലെ നിയന്ത്രണങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.












