കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ബുധനാഴ്ച നടക്കാനിരിക്കെ സംസ്ഥാനത്ത് എൻഐഎയെ വിന്യസിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ബോംബ് ഭീഷണികൾ നേരിടുന്നതിനായാണ് കമ്മീഷന്റെ ഈ അസാധാരണ നടപടി. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻതോതിൽ നാടൻ ബോംബുകൾ പിടിച്ചെടുത്ത സാഹചര്യത്തിലാണ് ഇത്തരം കേസുകൾ അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയെ നിയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ദക്ഷിണ 24 പർഗാനയിലെ ഭംഗറിൽ നിന്ന് 79 നാടൻ ബോംബുകളും സ്ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തിരുന്നു. ഭംഗറിലെ ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ നിന്നാണ് ബോംബുകൾ കണ്ടെടുത്തത്. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് എൻഐഎ കേസ് ഏറ്റെടുത്തത്. ബോംബുകൾ നിർമ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനും പിന്നിലുള്ള ഗൂഢാലോചനയും തീവ്രവാദ ബന്ധങ്ങളും എൻഐഎ അന്വേഷിക്കും. ബോംബ് നിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്താനും കുറ്റവാളികളെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യാനും തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന പോലീസിന് കർശന നിർദ്ദേശം നൽകി. സ്ഫോടക വസ്തുക്കൾ പിടികൂടുന്നതിൽ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.
തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി 2.4 ലക്ഷം കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങളെ ബംഗാളിൽ വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷവും അക്രമങ്ങൾ തടയാൻ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും കേന്ദ്ര സേന ബംഗാളിൽ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഭയരഹിതമായി വോട്ട് ചെയ്യാൻ വോട്ടർമാരോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ശക്തമായ സുരക്ഷാ നടപടികൾ വോട്ടിംഗ് ശതമാനം ഉയർത്താൻ സഹായിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതീക്ഷിക്കുന്നത്.










