ഹരിപ്പാട്: ആലപ്പുഴ കരുവാറ്റയിൽ 67-കാരനായ മുത്തച്ഛനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ കേസിൽ പിടിയിലായ പതിമൂന്നുകാരി ചോദ്യം ചെയ്യലിനിടെ പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞു. “എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല. ഈ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു…” എന്ന് ചോദ്യം ചെയ്യാനെത്തിയ വനിതാ എസ്.ഐയെ നോക്കി വിങ്ങിപ്പൊട്ടിക്കൊണ്ടായിരുന്നു എട്ടാം ക്ലാസുകാരിയുടെ വൈകാരിക വെളിപ്പെടുത്തൽ.
കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടിയെ വീട്ടിനുള്ളിൽ കൈകാലുകൾ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ് കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു. പേരക്കുട്ടിയായ 13-കാരിയുടെ ആസൂത്രണത്തിലായിരുന്നു കൊലപാതകം നടപ്പിലാക്കിയത്. കേസിൽ പെൺകുട്ടി ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നാല് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
സ്വന്തമായി ഐഫോൺ വാങ്ങാനും കൂട്ടുകാർക്ക് ബൈക്ക് സ്വന്തമാക്കാനും വേണ്ടിയായിരുന്നു കൊലപാതകവും സ്വർണം കവരലും തങ്ങൾ ആസൂത്രണം ചെയ്തതെന്നാണ് പ്രതികൾ നൽകിയ പ്രാഥമിക മൊഴി. ശിവൻകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് സുഹൃത്തുക്കളെ വീട്ടിലെത്തിച്ചാണ് പെൺകുട്ടി കൃത്യം നടപ്പാക്കിയത്. കൊലപാതക വിവരം ഫോണിലൂടെ ത തത്സമയം വീഡിയോ കോളിലൂടെ കാണിച്ചു നൽകിയതായും കണ്ടെത്തിയിരുന്നു.
എന്നാൽ കേസിൽ പിടിക്കപ്പെട്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുന്നിലെത്തിയപ്പോഴാണ് പെൺകുട്ടി മാനസികമായി തകർന്നതും വീട്ടിൽ നിന്നനുഭവിച്ച സ്നേഹക്കൂടുതലും കുടുംബ പശ്ചാത്തലവും വിവരിച്ച് കരഞ്ഞതും. കുറ്റകൃത്യത്തിന് പിന്നിലെ ക്രൂരതയ്ക്ക് പുറമെ കൗമാരക്കാരുടെ മാനസിക അവസ്ഥയും കുടുംബ ബന്ധങ്ങളിലെ വിടവുകളുമാണ് ഈ സംഭവത്തിലൂടെ വീണ്ടും ചർച്ചയാകുന്നത്. പോലീസും കൗൺസിലർമാരും പെൺകുട്ടിക്ക് ആവശ്യമായ കൗൺസിലിംഗ് നടപടികൾ നൽകിവരികയാണ്.












