ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ടീമായ മുംബൈ ഇന്ത്യൻസിന്റെ പുതിയ ഹെഡ് കോച്ചായി കീറോൺ പൊള്ളാർഡിനെ നിയമിച്ചു. കളിക്കാരനായും ബാറ്റിംഗ് പരിശീലകനായും മുംബൈ ഇന്ത്യൻസിനൊപ്പം ദീർഘകാലം പ്രവർത്തിച്ച പരിചയസമ്പത്തുമായാണ് വെസ്റ്റ് ഇൻഡീസ് മുൻ താരം ഈ പുതിയ ചുമതലയിലേക്ക് എത്തുന്നത്.
പുതിയ ദൗത്യം തനിക്ക് വലിയ ബഹുമതിയാണെന്നും തന്റെ ജീവിതത്തിന്റെയും കരിയറിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് മുംബൈ ഇന്ത്യൻസെന്നും പൊള്ളാർഡ് പ്രതികരിച്ചു. ടീം ഉടമകളായ നീത അംബാനി, ആകാശ് അംബാനി, മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റ് എന്നിവർ തന്നിലർപ്പിച്ച വിശ്വാസത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
കളിക്കാരെയും സപ്പോർട്ട് സ്റ്റാഫിനെയും ഏകോപിപ്പിച്ച് ടീമിന്റെ പ്രതാപം നിലനിർത്താനും യുവതാരങ്ങളുടെ വളർച്ചയ്ക്ക് വഴിയൊരുക്കാനും പരമാവധി ശ്രമിക്കുമെന്നും മുംബൈ ആരാധകർക്ക് സന്തോഷിക്കാൻ കൂടുതൽ നിമിഷങ്ങൾ സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












