നന്ദികേശന്‍
ചില വീടുകള്‍ അങ്ങനെയാണ്…!! കുട്ടികള്‍ നോക്കിനില്‍ക്കേ ഭാര്യയും ഭര്‍ത്താവും മുറ്റത്തുനിന്ന് തെറിപറഞ്ഞ് തമ്മിലടിക്കും…!! ഇത് കണ്ട് അയല്‍പക്കക്കാരാരെങ്കിലും ‘ശ്ശൊ.., ആ കൊച്ചുങ്ങളുടെ ഒരു അവസ്ഥയേ’ എന്നെങ്ങാന്‍ ഉറക്കെപ്പറഞ്ഞുപോയാല്‍ പണി തീരും…!! തന്തയും തള്ളയും കൊച്ചുങ്ങളും കൂടി ഒറ്റക്കെട്ടായി അവന്റെ നെഞ്ചില്‍ പൊങ്കാല തുടങ്ങും…!!
തെരഞ്ഞെടുപ്പു പ്രചാരണത്തിന് വന്ന നരേന്ദ്രമോദിയ്ക്ക് സ്വന്തം മുന്നണിയ്ക്ക് വോട്ടുചോദിച്ചേച്ച് മിണ്ടാതെ തിരിച്ചു പോയാല്‍ പോരായിരുന്നോ എന്നാണ് ഫേസ്ബുക്കിലും ഇതരസമൂഹമാധ്യമങ്ങളിലും കേരളവിപ്ലവകാരികള്‍ ഹാഷ് ടാഗ് കെട്ടി ചോദിക്കുന്നത്..? എന്തിനാ ഇവിടത്തെ പട്ടിണിയെയും പട്ടികവര്‍ഗ്ഗത്തെയുമൊക്കെക്കുറിച്ച് സംസാരിക്കാന്‍ പോകുന്നത്..?! അവരുടെ കാര്യം നോക്കാന്‍ ഇവിടെ രണ്ടു മുന്നണികളെ തയ്യാറാക്കി വെച്ചിട്ടുണ്ട്….! ഒരെണ്ണം ഭരിച്ച് സേവിച്ച് നാട്ടുകാര്‍ക്ക് സുഖം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതാകുമ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അടുത്തതിനെ ജയിപ്പിച്ചു വിടും…!! പിന്നെ അഞ്ചു കൊല്ലം സുഖത്തിന്റെ കാറ്റ് ആ വശത്തൂന്ന്..!! അങ്ങനെ മാറിമാറി സുഖിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളുടെയടുത്താണോ സൊമാലിയയുടെ കഥയും കൊണ്ട് വന്നത്..? ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം എന്നോര്‍ക്കുക..!!
കേരളത്തില്‍ പട്ടിണി, അക്രമം, ബലാത്സംഗം, കൊലപാതകം ഇവയൊക്കെയുണ്ട് എന്ന് വാദിക്കാനും സ്ഥാപിക്കാനും ആരും പുറപ്പെട്ടു വരണ്ടാ..! ഇതൊന്നും ഇവിടെയില്ല എന്ന് തെളിയിക്കുന്ന കണക്കുകള്‍ ഇവിടെ ഓരോ കേരളീയന്റെയും വാട്‌സാപ്പിലും ഫേസ്ബുക്കിലും പോസ്റ്റ് ആയി കിടപ്പുണ്ട്…!! അതില്‍ സ്ത്രീസുരക്ഷ, ശിശുമരണനിരക്ക്, ദാരിദ്ര്യം, പട്ടിണി, അക്രമം, എന്നിവയെയൊക്കെക്കുറിച്ചുള്ള ആധികാരികസര്‍വേകളുടെ ഫലങ്ങളുമുണ്ട്..!! അവയൊക്കെ ഒന്ന് വായിക്കണം…!! സകലത്തിലും കേരളം തന്നെയാണ് മുന്നില്‍..!! പേരാവൂരില്‍ ചവറ്റുകൂനയിലെ എച്ചിലില്‍ നിന്നും കുട്ടികള്‍ ഭക്ഷണം കഴിച്ച വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞങ്ങള്‍ മലയാളികള്‍ നേരെ അങ്ങോട്ട് പോയി ഈ പോസ്റ്റ് എടുത്ത് അതില്‍ പട്ടികജാതിക്ഷേമപദ്ധതികളില്‍ രാജ്യത്ത് കേരളത്തിന്റെ സ്ഥാനം ആ പിള്ളേരെ വായിച്ചു കേള്‍പ്പിച്ചു..!! തങ്ങളെ ഇത്രയും സ്‌നേഹിച്ചും സേവിച്ചും നിലകൊള്ളുന്ന സര്‍ക്കാരിന്റെ മുഖത്ത് കരിവാരിത്തേയ്ക്കുന്ന പണിയാണല്ലോ ഞങ്ങള്‍ ഇത്രയും നേരം ചെയ്തുകൊണ്ടിരുന്നത് എന്ന സങ്കടം സഹിക്കാന്‍ വയ്യാതെ ആ പിള്ളേര്‍ എഴുന്നേറ്റു പോയിക്കളഞ്ഞു..!! അതുപോലെ തന്നെ സ്ത്രീസുരക്ഷയുടെ കാര്യവും…!! ഈ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ അടങ്ങിയ പോസ്റ്റുകള്‍ ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കില്‍ സൌമ്യയും ജിഷയും ഒന്നും കൊല്ലപ്പെടില്ലായിരുന്നു…!! സ്ത്രീകളുടെ സംരക്ഷണത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന കാര്യത്തില്‍ കേരളത്തിന്റെ സ്ഥാനം അറിഞ്ഞിരുന്നെങ്കില്‍ ഗോവിന്ദച്ചാമിയൊന്നും ഒരിക്കലും ഇങ്ങോട്ടുള്ള തീവണ്ടിയില്‍ പോലും കയറില്ലായിരുന്നു..!! പാവങ്ങള്‍ക്ക് ഫേസ്ബുക്കില്‍ വേണ്ടത്ര പരിജ്ഞാനം ഇല്ലാതെ പോയി..!! അതിനു കാരണം നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പരിപാടിയാണ്…!!! വേണെങ്കില്‍ മോദിയ്ക്ക് രാജിവയ്ക്കാം…!!
പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും ഒക്കെ നാട്ടില്‍ ഒത്തിരിയുണ്ട് എങ്കിലും രാഷ്ട്രീയക്കാരന്‍ എന്ന വിശേഷണം ഉപയോഗിക്കാവുന്ന ഒരേയൊരാളേ ഇവിടെയുള്ളൂ….!! മോദിയുടെ പ്രസംഗത്തിലെ സൊമാലിയ, കേരളം എന്ന രണ്ടു വാക്കുകള്‍ ചെത്തിമിനുക്കി ചേര്‍ത്ത് വച്ച് ഒരൊറ്റ വിളി…!! ഇത്രയും നാള്‍ വളഞ്ഞിട്ട് ആക്രമിച്ചുകൊണ്ടിരുന്ന കൂട്ടരൊക്കെ ഒരൊറ്റക്കെട്ടായി ഒപ്പം കൂടി പുതിയ ശത്രുവിനെതിരെ യുദ്ധം പ്രഖ്യാപിച്ചു കളഞ്ഞു…!! സ്വയരക്ഷയ്ക്ക് വേണ്ടി ഉമ്മന്‍ചാണ്ടി സാര്‍ ചെയ്ത പണി മനസ്സിലാക്കാം…!! പക്ഷെ ‘എല്ലാം ശരിയാകും’ എന്നെഴുതിയ ബോര്‍ഡ് കരയ്ക്ക് വച്ച് ‘അടിയന്‍ ലച്ചിപ്പോം’ എന്ന് പറഞ്ഞു ചിലര്‍ കളത്തിലേയ്ക്ക് എടുത്തുചാടും എന്ന് ഒരുമാതിരിപ്പെട്ട ആരും വിചാരിച്ചില്ല..!! അവിടെയാണ് ഉമ്മന്‍ചാണ്ടിസാറിലെ രാഷ്ട്രീയക്കാരന്‍ പുറത്തുവന്നത്…!! സരിത, സോളാര്‍, ബാര്‍, ജിഷ എല്ലാം ഔട്ട്; സൊമാലിയ ഇന്‍..!! ‘ആരാടാ ഞങ്ങടെ ഒന്നാം നമ്പ്ര് സംസ്ഥാനത്തെ അപമാനിക്കുന്നത്..??’ എന്ന നെടുങ്കന്‍ ചോദ്യവുമായി ഹാഷ് ടാഗ് കമ്മറ്റി യുദ്ധം തുടങ്ങിയപ്പോള്‍ ഉമ്മന്‍ചാണ്ടി സാര്‍ ആശ്വാസനെടുവീര്‍പ്പോടെ ഉറങ്ങാന്‍ കിടന്നു…!! കഷ്ടകാലത്ത് ബന്ധുക്കള്‍ ശത്രുക്കളാകും എന്ന് കേട്ടിട്ടുണ്ട്..!! അതികഷ്ടകാലത്തും വര്‍ഗ്ഗശത്രുക്കളില്‍ നിന്നുപോലും ബന്ധുക്കളെ സൃഷ്ടിക്കുന്ന ടെക്‌നിക് വേറെ ഏത് നേതാവിന്റെ കയ്യിലുണ്ട്..???!!
കേരളത്തെ നന്നാക്കാന്‍ വരുന്ന ഇതരേന്ത്യന്‍ നേതാക്കള്‍ ഒരു കാര്യം മനസ്സിലാക്കണം…!!! ഇവിടെ ഞങ്ങള്‍ കേരളീയര്‍ പരസ്പരം തമ്മില്‍ത്തല്ലും, തെറിപറയും, കൊല്ലും, പെണ്ണുള്ളിടത്തെല്ലാം ചായകുടിക്കും പോലെ ബലാത്സംഗം നടത്തും…!! പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് ജനിച്ച സ്ഥലത്തിന്റെ പേര് സ്വന്തമായി പതിച്ചു നല്‍കും (ഉദാ: സൂര്യനെല്ലി, വിതുര, കവിയൂര്‍, കിളിരൂര്‍)…!!! ഇന്നാട്ടിലെ ആദിവാസിപട്ടികവര്‍ഗ്ഗഗോത്രവിഭാഗങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ള സ്ഥലത്തുനിന്നും ആഹാരം കഴിക്കാനുള്ള (ചവറ്റുകൂനയില്‍ നിന്നാണെങ്കില്‍പ്പോലും) അവകാശവും സ്വാതന്ത്ര്യവും ഞങ്ങള്‍ കഴിഞ്ഞ 60 വര്‍ഷം കൊണ്ട് പൊരുതി നേടിയിട്ടുണ്ട്..!! പക്ഷെ അതൊന്നും ചോദ്യം ചെയ്യാനോ നന്നാക്കാനോ ആരും വാളയാറിനിപ്പുറം കടന്നു വരരുത്..!! കാരണം ഞങ്ങള്‍ എല്ലാത്തിലും ഒന്നാമതാണ് എന്ന കണക്കുള്ള പോസ്റ്റുകള്‍ ഞങ്ങളുടെ കയ്യിലുണ്ട്…!! അതുമതി ഞങ്ങളുടെ പട്ടിണിയും ദുരവസ്ഥയും മാറ്റാന്‍…!!! സ്വാമി വിവേകാനന്ദന്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ഞങ്ങളും സോഷ്യല്‍ മീഡിയയും ഇല്ലാതിരുന്നത് അങ്ങേരുടെ ഭാഗ്യം…!! ഇല്ലെങ്കില്‍ കേരളം ഭ്രാന്താലയമാണ് എന്ന പ്രസ്താവന നടത്തിയ സ്വാമിക്കെതിരെ പോ_മോനേ_സ്വാമീ എന്നൊരു ടാഗും കൊണ്ട് ഞങ്ങള്‍ ഇറങ്ങിയേനെ…!!
കേരളീയരോടാ കളി…?!
Discussion about this post